ജുമൈറയിലും ഉമ്മുസുഖൈമിലും ഡ്രൈവറില്ലാ ടാക്സികളുടെ സർവിസ്​ ആരംഭിച്ചു

ദുബൈ: തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ ഗതാഗത സംവിധാനങ്ങളിലേക്ക്​ പൊതുഗതാത്തെ മാറ്റുന്നതിന്‍റെ ഭാഗമായി ദുബൈയിലെ പ്രധാന രണ്ട്​ സ്ഥലങ്ങളിൽ ഡ്രൈവറില്ലാ ടാക്സികളുടെ പ്രവർത്തനം ആരംഭിച്ച്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ജുമൈറ, ഉമ്മുസുഖൈം എന്നിവിടങ്ങളിലാണ്​ സ്വയം നിയന്ത്രണ ടാക്സി സർവിസിന്​ തുടക്കമായത്​. യാത്രക്കാർക്ക്​ ഊബർ, അപ്പോളോ ഗോ ആപ്ലിക്കേഷനുകൾ വഴി യാത്ര ബുക്ക്​ ചെയ്യാം. ഭാവിയിൽ​ അനുയോജ്യമായ ഗതാഗത പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്​ തടസ്സമില്ലാത്തതും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിൽ ആഗോള തലത്തിൽ മുൻനിര സ്ഥാനം കൈവരിക്കുകയാണ്​ ലക്ഷ്യമെന്ന്​ ആർ.ടി.എ അറിയിച്ചു.

വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന്​ മുന്നോടിയായി രണ്ട്​ സ്ഥലങ്ങളിലും ആർ.ടി.എ ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷ ഓട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു. പ്രവർത്തനക്ഷമതയും വിവിധ റോഡ്​ സാഹചര്യങ്ങളോടുള്ള ഡ്രൈവറില്ല ടാക്സികളുടെ പ്രതികരണ ശേഷിയും പരിശോധിക്കുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷ ഓട്ടം. യാത്രക്കാർക്ക്​ പൂർണമായും സ്വയം നിയന്ത്രണത്തിൽ ഓടുന്ന വാഹനങ്ങളുടെ യാത്ര അനുഭവം സമ്മാനിക്കുന്നതായിരിക്കും ഡ്രൈവറില്ലാ ടാക്സി യാത്രയെന്ന്​ ആർ.ടി.എ അധികൃതർ വ്യക്​തമാക്കി.

ഇത് നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ നഗര ഗതാഗത സംവിധാനങ്ങളിലേക്കുള്ള ദുബൈയുടെ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ആർ.ടി.എ കൂട്ടിച്ചേർത്തു. നിലവിൽ അബൂദബിയിൽ യാസ്​ ഐലന്‍റ്​ ഉൾപ്പെടെ​യുള്ള ചില മേഖലകളിൽ ഡ്രൈവറില്ലാ ടാക്സികൾ സർവിസ്​ നടത്തുന്നുണ്ട്​. കൂടാതെ റാസൽഖൈമയിൽ ​റോബോ ടാക്സികളും ബസുകളും പരീക്ഷണ ഓട്ടം തുടരുകയാണ്​. വൈകാതെ എല്ലാ എമിറേറ്റുകളിലും ഡ്രൈവറില്ലാ ടാക്സികൾ സർവിസ്​ ആരംഭിക്കുമെന്നാണ്​ സൂചന. 

Tags:    
News Summary - Driverless taxi services launched in Jumeirah and Umm Suqeim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.