കുട്ടികളിൽ എനർജി ഡ്രിങ്കുകൾ പ്രോത്സാഹിപ്പിക്കരുത്​

ദുബൈ: കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ എനർജി ഡ്രിങ്കുകളുടെ അമിത ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യ വീഡിയോകൾക്കെതിരെ ശക്​തമായ മുന്നറിയിപ്പുമായി ദുബൈ പൊലീസ്​. സമൂഹ മാധ്യമ പേജുകളിൽ കൂടുതൽ പേരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്​ ഇത്തരത്തിലുള്ള​ ഡിജിറ്റൽ ഉള്ളടക്കങ്ങൾ ചിലർ നിർമിക്കുന്നതെന്ന്​ സൈബർ ഡിപ്പാർട്ട്​മെന്‍റ്​ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്​തമാക്കി. ഇത്തരം എനർജി ഡ്രിങ്കുകൾ യുവാക്കളിൽ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കുന്നതാണ്​ സാമൂഹിക മാധ്യമ ഉള്ളടക്കങ്ങൾ.

കുട്ടികൾ ഇത്തരം വീഡിയോകൾ കാണുന്നുണ്ടോ എന്ന്​ രക്ഷിതാക്കൾ നിരീക്ഷിക്കുകയും ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്​ അവരെ ബോധവൽകരിക്കുകയും വേണമെന്ന്​ പൊലീസ്​ ആവശ്യപ്പെട്ടു. അമിത അളവിൽ എനർജി ഡ്രിങ്കുകൾ കുടിക്കുന്നത്​ ഹൃദയമിടിപ്പ്​ താളം തെറ്റാനും ശ്രദ്ധ നഷ്ടപ്പെടാനും ഹൃദയസ്തംഭനത്തിനും കാരണമാകും. കൂടാതെ വിഷബാധ, വയറിന്​ അസ്വസ്ഥത, ഉത്​കണ്​ഠ, അമിത ആശങ്ക, ശ്രദ്ധമില്ലായ്മ, ഓർമക്കുറവ്​, വേഗത്തിലുള്ള ഹൃദയമിടിപ്പ്​, ഉയർന്ന രക്​തസമ്മർദം, ദേഷ്യം എന്നിവക്കും അമിതമായ എനർജി ഡ്രിങ്കിന്‍റെ ഉപയോഗം കാരണമാകുമെന്ന്​ പൊലീസ്​ മുന്നറിയിപ്പു നൽകി.

ആരോഗ്യവുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്ക്​ ഔദ്യോഗിക മാർഗങ്ങളെ മാത്രം ആശ്രയിക്കണം. അപകടകരമായ സ്വഭാവ രീതികളും സമൂഹത്തിന്​ ഭീഷണിയാകുന്നതുമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസ് സ്മാർട്ട്​ ആപ്പ്​, ഇ-ക്രൈം പ്ലാറ്റ്​ഫോം എന്നിവയിലോ 901 നമ്പറിൽ വിളി​ച്ചോ​ റിപോർട്ട്​ ചെയ്യാം. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച്​ യുവാക്കളിൽ ബോധവൽകരണം ശക്​തമാക്കാനായി ദുബൈ പൊലീസ്​ ഇ-പ്ലാറ്റ്​ഫോമും അവതരിപ്പിച്ചിട്ടുണ്ട്​. അറബി, ഇംഗ്ലീഷ്​ ഭാഷകളിലുള്ള ഉള്ളടക്കങ്ങളിൽ സൈബർ കുറ്റകൃത്യങ്ങളുടെ അപകടങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന്‍റെ എല്ലാ വശങ്ങളും വിവരിക്കുന്നുണ്ട്​.  

Tags:    
News Summary - Don't encourage energy drinks in children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.