കുവൈത്ത് സിറ്റി: വ്യാജ സന്ദേശങ്ങൾക്കും വെബ്‌സൈറ്റുകൾക്കുമെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. ഔദ്യോഗിക സൈറ്റുകളുടെ രൂപത്തിൽ തട്ടിപ്പുസംഘം വലവിരിക്കുന്നതിനെ തുടർന്നാണ് അറിയിപ്പ്. ട്രാഫിക് പിഴകൾ പിരിക്കുന്നതിനായി ഔദ്യോഗിക അധികാരികളെ അനുകരിക്കുന്ന വ്യാജ സന്ദേശങ്ങളും വ്യാജ വെബ്‌സൈറ്റുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ട്രാഫിക് പിഴ അടക്കൽ സുഗമമാക്കുമെന്നും പണമടക്കൽ സമയപരിധിയെക്കുറിച്ചും മുന്നറിയിപ്പു നൽകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്.
ഇത് ഏതെങ്കിലും ഔദ്യോഗിക സ്ഥാപനവുമായി ബന്ധപ്പെട്ടതല്ലെന്നും അവയെ തട്ടിപ്പുകളായി കണക്കാക്കണമെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ, സർക്കാറിന്റെ ‘സഹൽ’ ആപ്പ് തുടങ്ങിയ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ ട്രാഫിക് പിഴകൾ അടക്കാൻ കഴിയൂ എന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. സംശയാസ്പദമായ ലിങ്കുകളുമായി ഇടപഴകുന്നത് ഒഴിവാക്കാനും സ്ഥിരീകരിച്ച പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കാനും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇലക്ട്രോണിക് തട്ടിപ്പുകൾ ചെറുക്കുന്നതിനും സൈബർ ഭീഷണികളെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ കഴിഞ്ഞ ദിവസം കുവൈത്ത് സെൻട്രൽ ബാങ്കും ഉണർത്തിയിരുന്നു. രാജ്യത്ത് വിവിധ രൂപങ്ങളിൽ പണം തട്ടാൻ സൈബർ തട്ടിപ്പുകാർ ശ്രമം നടത്തുന്നുണ്ട്. ഇവ ആഭ്യന്തര മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.