ദുബൈ: രാജ്യത്തിന്റെ ദേശീയ കറൻസിയായ ദിർഹം നോട്ടുകൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറപ്പെടുവിച്ച് യു.എ.ഇ സെൻട്രൽ ബാങ്ക്. ദേശീയ കറൻസി രാജ്യത്തിന്റെ പരമാധികാരത്തിന്റെ ചിഹ്നവും സമ്പദ്വ്യവസ്ഥയുടെ സ്തംഭവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ബാങ്ക് നോട്ടുകൾ സംരക്ഷിക്കുന്നത് ദേശീയ സ്വത്വത്തെ സംരക്ഷിക്കുന്നത് മാത്രമല്ല, സമ്പദ്വ്യവസ്ഥയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതുമാണെന്ന് സമൂഹമാധ്യമങ്ങൾ വഴി അധികൃതർ ചൂണ്ടിക്കാണിച്ചു. നോട്ടുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ പ്രത്യേകമായി ചിത്രസഹിതം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നോട്ടുകൾ വികൃതമാക്കുകയോ കീറുകയോ കേടുവരുത്തുകയോ ചെയ്യരുത്. അതുപോലെ മടക്കുകയോ ചുരുട്ടുകയോ സ്റ്റാപ്പിൾ ചെയ്യുകയോ മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുകയോ ചെയ്യരുത്. ദ്രാവകങ്ങൾ, ഉയർന്ന താപനില, പശകൾ എന്നിവ നോട്ടുകളിൽ ഉപയോഗിക്കരുത്. കറൻസികളിൽ എഴുതുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഒരാളുടെ കൈവശം കീറിയതോ കേടുവന്നതോ ആയ ഒരു ബാങ്ക് നോട്ട് ഉണ്ടെങ്കിൽ, അത് മാറ്റിക്കിട്ടുന്നത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ സെൻട്രൽ ബാങ്ക് നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം നോട്ടിന്റെ അവസ്ഥയെ ആശ്രയിച്ചാണ് നൽകുന്നത്. യഥാർഥ ബാങ്ക് നോട്ടിന്റെ (അല്ലെങ്കിൽ സംയോജിത ഭാഗങ്ങളുടെ) മൂന്നിൽ രണ്ട് ഭാഗമോ അതിൽ കൂടുതലോ കേടുകൂടാതെയുണ്ടെങ്കിൽ ഉടമക്ക് പൂർണ നഷ്ടപരിഹാരം ലഭിക്കും. ബാങ്ക് നോട്ടിന്റെ മൂന്നിലൊന്നിൽ കൂടുതൽ എന്നാൽ മൂന്നിൽ രണ്ട് ഭാഗത്തിൽ താഴെ മാത്രമാണ് കേടുകൂടാതെയുള്ളതെങ്കിൽ നോട്ടിന്റെ മൂല്യത്തിന്റെ പകുതി കൈവശക്കാരന് ലഭിക്കും. നോട്ടിന്റെ മൂന്നിലൊന്നോ അതിൽ കുറവോ ഭാഗം മാത്രമാണ് കേടുകൂടാതെയിരിക്കുന്നതെങ്കിൽ നഷ്ടപരിഹാരം ലഭിക്കുകയുമില്ല എന്നതാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.