ദുബൈ വൈദ്യുതി, ജല വകുപ്പിന്‍റെ വാർഷിക ജനറൽ അസംബ്ലിയിൽ പങ്കെടുത്തവർ
ദുബൈ: 2025 രണ്ടാം പാദത്തിലെ ലാഭവിഹിതമായി 310 കോടി ദിർഹം (ഒരു ഓഹരിക്ക് 6.2 ഫിൽസ്) വിതരണം ചെയ്യാൻ ദുബൈ വൈദ്യുത, ജല വകുപ്പ് (ദീവ) വാർഷിക പൊതുയോഗത്തിൽ അംഗീകാരം നൽകി. ഇത് ഏപ്രിൽ മാസത്തിൽ ഓഹരിയുടമകൾക്ക് നൽകും. വാർഷിക യോഗത്തിൽ ചെയർമാൻ മാജിദ് ഹമദ് റഹ്മ അൽ ശംസി അധ്യക്ഷത വഹിച്ചു. എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ ഉൾപ്പെടെ ബോർഡ് അംഗങ്ങളും 91.53 ശതമാനം ഓഹരി പ്രതിനിധികളും പങ്കെടുത്തു. 2025ൽ ‘ദീവ’ മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. വാർഷിക വരുമാനം 32.84 ശതകോടി ദിർഹമായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 6.02 ശതമാനം വർധനവാണിത്. നികുതിക്ക് ശേഷമുള്ള കമ്പനിയുടെ ലാഭം 9.06 ശതകോടി ദിർഹമാണ്. ഇതിൽ 25.17 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്കാലയളവിൽ വൈദ്യുതി പരമാവധി ആവശ്യകത 5.8 ശതമാനം വർധിച്ച് 11391 മെഗാവാട്ടായപ്പോൾ ജല ആവശ്യകത 7 ശതമാനം ഉയർന്ന് 487 ശതകോടി ഇംപീരിയൽ ഗാലൺ/ദിവസം ആയി. ശുദ്ധ ഊർജ മേഖലയിലും ‘ദീവ’ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തി. നിലവിൽ 17,979 മെഗാവാട്ട് ശേഷിയിൽ 21.5 ശതമാനം ശുദ്ധ ഊർജമാണ്. ഇത് 2030ഓടെ 36 ശതമാനം ആക്കാനാണ് ലക്ഷ്യമിടുന്നത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിന്‍റെ ശേഷി 2030ഓടെ 8,000 മെഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. ‘ദീവ’യുടെ നെറ്റ്‌വർക്ക് കാര്യക്ഷമത ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് കമ്പനി വ്യക്തമാക്കി.
വൈദ്യുതി നഷ്ടം 2 ശതമാനവും ജല നഷ്ടം 4.4 ശതമാനവും മാത്രമാണ്. ഉപഭോക്തൃ തടസ്സ സമയം(സി.എം.എൽ) വർഷത്തിൽ 0.82 മിനിറ്റ് മാത്രമാണ്. ഡിജിറ്റലൈസേഷനും എ.ഐ അടിസ്ഥാനമാക്കിയ സേവനങ്ങളും ഉപയോഗിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിൽ ‘ദീവ മുൻപന്തിയിലാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.