കറാമയിൽ കാറ്റിൽ വീണ മരങ്ങൾ
ദുബൈ: വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ ദുബൈയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തു. ശക്തമായ ഇടിമിന്നലോട് കൂടിയായിരുന്നു മഴ. മണിക്കൂറിൽ 55 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. കെട്ടിടങ്ങളുടെ ജനലകളും മറ്റും തകരുകയും, റോഡരികിലെ പരസ്യ ബോർഡുകളും നിർമാണ സ്ഥലങ്ങളിലെ താൽക്കാലിക ഇരുമ്പ് വേലികളും മറിഞ്ഞു വീഴുകയും ചെയ്തു. കറാമ, ദേര, റാശിദിയ ഭാഗങ്ങളിൽ മരം കടപുഴകി വീണതിനെ തുടർന്ന് വാഹനങ്ങൾക്കും കടകൾക്കും വില്ലകൾക്കും നാശനഷ്ടമുണ്ടായി.
പല റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിൽ വെള്ളക്കെട്ടുള്ളതിനാൽ ദുബൈ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസിന്‍റെയും പ്രത്യേക സംഘങ്ങൾ മറിഞ്ഞു വീണ മരങ്ങൾ നീക്കം ചെയ്തു. റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനായി ആർ.ടി.എയുടെയും മുനിസിപ്പാലിറ്റിയുടെയും പ്രത്യേക സംഘങ്ങൾ സജീവമാണ്. ബീച്ചുകളിൽ പ്രവേശനം നിരോധിച്ചു. മരങ്ങൾ വീഴുകയോ വലിയ വെള്ളക്കെട്ടോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ മുനിസിപ്പാലിറ്റിയുടെ 800900 എന്ന നമ്പറിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.