ദുബൈ: മലയാളിയുടെ ജീവിതത്തിൽ ജാതിയുടെ സാന്നിധ്യം ഇപ്പോഴും ശക്തമാണെന്നും 'ഭാരത സർക്കസ്' എന്ന പുതിയ സിനിമയിലൂടെ ഈ പ്രശ്നം ശക്തമായി ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും നടനും സംവിധായകനുമായ സോഹൻ സീനുലാൽ.സിനിമയുടെ റിലീസിനോടനുബന്ധിച്ച് ദുബൈയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തിലും ഗൾഫിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിലരൊക്കെ പ്രമേയത്തെ കുറിച്ച് ചോദിക്കുന്നുണ്ട്.
പുതുതലമുറക്ക് ഇതൊന്നുമറിയില്ലെന്നാണ് പലരും പറയുന്നത്. എന്നാൽ, ജാതി മലയാളിയുടെ പ്രബുദ്ധതയെ വെല്ലുവിളിച്ച് ഇന്നും നിലനിൽക്കുന്നുണ്ട്. ഇത് ഏറ്റവും ഉച്ചത്തിൽ മറയില്ലാതെ പറയാനാണ് സിനിമ ശ്രമിച്ചത് -അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി, പേരിന്റെ അവസാനത്തിൽനിന്ന് മാറ്റിയതുകൊണ്ട് മാത്രം മനസ്സിന്റെ അറ്റത്തുനിന്ന് മായില്ലെന്ന് മനസ്സിലാക്കണമെന്നും ജാതിവെറിയുള്ളവരെ തുറന്നുകാണിക്കാനാണ് സിനിമ ശ്രമിച്ചതെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഇന്നിന്റെ ജനപക്ഷ രാഷ്ട്രീയമാണ് സിനിമ പറയാൻ ശ്രമിച്ചതെന്നും എന്നാൽ, ഒരു പ്രൊപഗണ്ട സിനിമയല്ല, പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്നതാണിതെന്നും നടനും സംവിധായകനുമായ എം.എ. നിഷാദ് പറഞ്ഞു. സിനിമയുടെ പ്രമേയത്തിന്റെ പ്രത്യേകത കാരണം സിനിമക്ക് സെൻസർ ലഭിക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും മലയാളികൾക്ക് സുപരിചിതമായ യഥാർഥ ജീവിതസന്ദർഭങ്ങൾ സിനിമയിൽ കാണാമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇവർ പറഞ്ഞു.നടൻ ബിനു പപ്പു, നടിമാരായ മേഘ തോമസ്, ദിവ്യ നായർ, നിർമാതാവ് അനൂജ് ഷാജി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.