ദുബൈ: ട്രക്കിൽ നിന്ന് ഡീസൽ മോഷ്ടിച്ച് വിറ്റ കേസിൽ രണ്ടുപേർക്ക് ദുബൈ കോടതി ഒരു മാസം തടവും പിഴയും ചുമത്തി. ട്രക്ക് മോഷ്ടിച്ച് ഡീസൽ ചോർത്തി വിറ്റ ഒന്നാം പ്രതിക്ക് 1650 ദിർഹം പിഴയും ഇയാളിൽ നിന്ന് ഡീസൽ വാങ്ങിയ രണ്ടാം പ്രതിക്ക് 450 ദിർഹം പിഴയുമാണ് ചുമത്തിയത്.
വാഹനത്തിന്റെ ഡ്രൈവർ പാർക്കിങ് ഏരിയയിൽ എത്തിയപ്പോഴാണ് ട്രക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. നിലത്ത് ടയറിന്റെ അടയാളങ്ങൾ ശ്രദ്ധിച്ചപ്പോൾ വാഹനം മോഷണം പോയതായി സംശയമുയർന്നു. തുടർന്ന് കമ്പനിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.
ഇതിൽ ഒരാൾ ട്രക്ക് നഗരത്തിലേക്ക് ഓടിച്ചുപോകുന്നതായി വ്യക്തമായി. പിന്നീട് ഇയാൾ ജബൽ അലി ഇൻഡസ്ട്രിയൽ ഭാഗത്ത് വാഹനം ഉപേക്ഷിക്കുന്നതായും കണ്ടെത്തി. ഈ വിവരങ്ങൾ വെച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
ഉൾപ്രദേശത്തേക്ക് വാഹനം കൊണ്ടുപോയ ശേഷമാണ് ഡീസൽ ചോർത്തി 450 ദിർഹമിന് മറ്റൊരാൾക്ക് വിറ്റത്. ഇത് വാങ്ങിയയാളെ ഉടൻ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ മോഷണ വസ്തുവാണെന്ന് അറിയില്ല എന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ,
കൃത്യമായി ആസൂത്രണം ചെയ്താണ് മോഷണം നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ കീ ഉപയോഗിച്ചാണ് ഒന്നാം പ്രതി വാഹനം ഓടിച്ചതെന്നും ഡീസൽ മോഷ്ടിക്കാനായി ആരുടെയും ശ്രദ്ധയിൽപ്പെടാത്ത സ്ഥലത്തേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്നും കണ്ടെത്തി. ഇക്കാര്യങ്ങൾ പരിശോധിച്ച കോടതി രണ്ട് പ്രതികൾക്ക് തടവും പിഴയും വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.