ദുബൈ: വലിയ അളവിൽ മയക്കുമരുന്ന് കടത്തിയ കേസിൽ മൂന്ന് കോടതികൾ വിധിച്ച വധശിക്ഷ റദ്ദാക്കി യു.എ.ഇയിലെ പരമോന്നത കോടതി.നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവിന് വിധിച്ചിരിക്കുന്നത്. വിദേശത്തുള്ള ഡീലർക്ക് വേണ്ടി കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ രഹസ്യ ഓപറേഷനിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയിരുന്നത്. ഏഷ്യക്കാരനായ പ്രതിക്ക് വിചാരണ കോടതി ആദ്യം വധശിക്ഷ വിധിച്ചു.തുടർന്ന് അപ്പീൽ കോടതിയും ഫെഡറൽ സുപ്രീംകോടതിയും ഈ വധശിക്ഷ ശരിവെക്കുകയും ചെയ്തു. എന്നാൽ, പബ്ലിക് പ്രോസിക്യൂട്ടർ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമർപ്പിക്കുകയായിരുന്നു.
കേസ് കേട്ട പാനലല്ല കേസിൽ വിധി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടി ഇത് നിലവിലെ ജുഡീഷ്യൽ തത്ത്വങ്ങൾക്ക് എതിരാണെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു. ഇതംഗീകരിച്ച് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയ ശേഷം പുനർവിചാരണക്ക് നിർദേശം നൽകുകയായിരുന്നു. പുതിയ വിചാരണയിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച പ്രതി, പരിശോധന വാറന്റിന്റെ അംഗീകാരം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. വളരെ ദുർബലമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതെന്നും പ്രതി ചൂണ്ടിക്കാണിച്ചു.എന്നാൽ, ഈ തടസ്സവാദങ്ങളെ തള്ളിയ കോടതി, കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ജഡ്ജിമാർ ജീവപര്യന്തം തടവ് വിധിച്ചത്. തടവ് കാലത്തിനു ശേഷം നാടുകടത്താനും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.