ദുബൈ: പീഡനത്തെത്തുടർന്ന് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ വീട്ടുടമക്ക് 15 വർഷം ജീവപര്യന്തം. സിറിയയിൽ നിന്നുള്ള 39കാരനാണ് ശിക്ഷ വിധിച്ചത്. ആറ് മാസത്തോളം ചൂഷണം ചെയ്തതിനെ തുടർന്ന് 28കാരിയായ വിട്ടുജോലിക്കാരി മരിച്ചുവെന്നാണ് കേസ്. 2019 മുതൽ ഇയാളുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ഇവർ. എന്നാൽ, സ്വകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടിവ് ഡയറക്ടറായ ഇയാളുടെ ജോലി 2020 മാർച്ചിൽ നഷ്ടപ്പെട്ടതോടെയാണ് പീഡനം തുടങ്ങിയത്. ശാരീരിക പീഡനം വർധിച്ചതോടെ ഇവർ തളർന്നുവീഴുകയും വീട്ടുടമ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ജുമൈറയിലെ തന്‍റെ അപ്പാർട്മെന്‍റിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇവർ മരിച്ചതായി കണ്ടെത്തി.
ഇതേത്തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഭക്ഷണം നൽകാത്തതും കൃത്യസമയത്ത് ചികിത്സ നൽകാത്തതുമാണ് മരണ കാരണമെന്ന് കോടതി വിലയിരുത്തി. ചൂലുകൊണ്ട് അടിക്കുകയും ചവിട്ടുകയും മുഖത്ത് ചൂടുള്ള ഇരുമ്പ് വസ്തുകൊണ്ട് പൊള്ളിക്കുകയും ചെയ്തതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. മരിക്കുമ്പോൾ ഇവരുടെ ഭാരം 32 കിലോയായി കുറഞ്ഞിരുന്നു. 22 മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. 11 വാരിയെല്ലുകൾ ഒടിഞ്ഞു. നിരവധി ചതവും പോറലുകളും കണ്ടെത്തി.
എന്നാൽ, അവളുടെ ജോലി മോശമായിരുന്നെന്നും തന്നെ അനുസരിച്ചിരുന്നില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിന്‍റെ സമ്മർദം തനിക്കുണ്ടായിരുന്നെന്നും ജോലിക്കാരി മരിച്ച വിവരം അറിയാതെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഇയാൾ പറഞ്ഞു. ഇയാൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. എന്നാൽ, പ്രതി കുറ്റക്കാരനല്ലെന്നും പെൺകുട്ടിയെ തടവിൽ പാർപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. മരിക്കുന്നതിന് ഒരു മാസം മുമ്പ് ശമ്പളം അവൾ കുടുംബത്തിന് കൈമാറിയിരുന്നു. പീഡിപ്പിക്കപ്പെടുകയാണെങ്കിൽ ഇവരെ സഹായത്തിന് വിളിക്കുമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. 87,000 ഡോളർ പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.