അബൂദബി: കോവിഡ് ബാധയെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ആശ്വാസമായി അ ബൂദബി ഭരണകൂടത്തിെൻറ ജനീകീയ പാക്കേജ്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണം പ്രഖ്യാപിച്ച പാക്കേജിൽ ജനോപകാരപ്രദമായ നിരവധി നിർദേശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇൗ വർഷം പൂർണമായും ടോൾ ഒഴിവാക്കാനുള്ള തീരുമാനവും വൈദ്യുതി കണക്ഷന് സബ്സിഡി നൽകിയതും എടുത്തുപറയേണ്ടതാണ്. സ്വകാര്യമേഖലയെ പിന്തുണക്കുന്നതിനും വളർന്നുവരുന്ന കമ്പനികൾക്ക് മുൻഗണന നൽകുന്നതിനുമുള്ള നിർദേശങ്ങളും പാക്കേജിലുണ്ട്.
‘ഗദൻ 21’ പരിപാടിക്കു കീഴിൽ അബൂദബി എക്സിക്യൂട്ടിവ് കൗൺസിലാണ് പുതിയ പാക്കേജിന് രൂപം നൽകിയത്. കഴിഞ്ഞ ദിവസം ദുബൈ ഭരണകൂടം മൂന്നുമാസത്തേക്ക് വൈദ്യുതി നിരക്ക് കുറക്കൽ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. യു.എ.ഇ സെൻട്രൽ ബാങ്ക് 100 ബില്യൺ ദിർഹമിെൻറ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസം പകരുന്ന പദ്ധതി അബൂദബി പ്രഖ്യാപിച്ചിരിക്കുന്നത്. ഇൗ വർഷം അവസാനം വരെ പാക്കേജ് പ്രാബല്യത്തിലുണ്ടാവും.
പാക്കേജിലെ പ്രഖ്യാപനങ്ങൾ
• വർഷാവസാനം വരെ എല്ലാ വാഹനങ്ങളെയും ടോൾനിരക്കിൽനിന്ന് ഒഴിവാക്കും. • ഈ വർഷം റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും.• പുതിയ കരാറിൽ വ്യാവസായിക ഭൂമി വാടകക്കെടുക്കുന്നതിനുള്ള ഫീസ് 25ശതമാനം കുറക്കും.• വാണിജ്യ വാഹനങ്ങളുടെ വാർഷിക രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും.• ടൂറിസം, വിനോദ മേഖലകൾക്കുള്ള എല്ലാ ടൂറിസ്റ്റ്, മുനിസിപ്പാലിറ്റി ഫീസുകളും താൽക്കാലികമായി റദ്ദാക്കും.• റസ്റ്റാറൻറുകൾക്കും ടൂറിസം-വിനോദ മേഖലക്കും വാടകയിൽ 20 ശതമാനം വരെ ഇളവ്.• പൗരന്മാർക്കും വാണിജ്യ വ്യവസായ മേഖലകളുടെ പ്രവർത്തനങ്ങൾക്കും ജല വൈദ്യുതാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് അഞ്ച് ബില്യൺ ദിർഹം.• സ്റ്റാർട്ടപ്പുകൾക്ക് വൈദ്യുതി കണക്ഷൻ ഫീസിൽ സബ്സിഡി.• വാണിജ്യ-വ്യാവസായിക പ്രവർത്തനങ്ങൾക്കുള്ള ഡോക്യുമെേൻറഷൻ ഫീസ് ഒഴിവാക്കും.• അബൂദബി ഇൻവെസ്റ്റ്മെൻറ് ഓഫിസ് നിയന്ത്രിക്കുന്ന ചെറുകിട-ഇടത്തരം കമ്പനികൾക്ക് പ്രാദേശിക ബാങ്കുകൾ വഴി ധനസഹായം നൽകുന്നതിന് മൂന്ന് ബില്യൺ ദിർഹം.• മാർക്കറ്റ് മേക്കർ ഫണ്ട് സ്ഥാപിക്കുന്നതിനും സ്റ്റോക്കുകളുടെ വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി ഒരു ബില്യൺ ദിർഹം.• അംഗീകരിച്ച എല്ലാ സർക്കാർ ബാധ്യതകളും ബില്ലുകളും കമ്പനികൾക്ക് 15 പ്രവൃത്തി ദിവസത്തിനുള്ളിൽ അടക്കാനുള്ള സൗകര്യം സജ്ജമാക്കും. • പ്രാദേശിക കമ്പനികളെ പിന്തുണക്കുന്നതിനും വായ്പ പദ്ധതികൾ അവലോകനം ചെയ്യുന്നതിനും സാമ്പത്തിക വികസന വകുപ്പ്, പ്രാദേശിക ബാങ്കുകൾ എന്നിവയിലെ അംഗങ്ങളെ ഉൾപ്പെടുത്തി ധനകാര്യ സാമ്പത്തിക വകുപ്പിെൻറ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കും.
ഉൽകൃഷ്ട നടപടി –എം.എ. യൂസുഫലി
ദുബൈ: അസാധാരണമായ സാഹചര്യങ്ങളെ നേരിടാൻ അസാധാരണ നടപടികൾ കൊണ്ടേ സാധിക്കുകയുള്ളൂ എന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച അബൂദബി സാമ്പത്തിക ഉദ്ദീപന പാക്കേജ് അത്തരത്തിലെ ഉൽകൃഷ്ടമായ നടപടിയാണെന്നും ലുലു ഗ്രൂപ് ഇൻറർനാഷനൽ ചെയർമാൻ എം.എ. യൂസുഫലി അഭിപ്രായപ്പെട്ടു. പൊതു-സ്വകാര്യ മേഖലയിലെ ബഹുമുഖ കുതിപ്പിന് അത് സഹായകമാവും.
ഉചിതമായ സമയത്തു തന്നെയാണ് ഇത്തരമൊരു ആശ്വാസ നടപടി സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. വിവിധ ശ്രേണികളിൽ ഗുണകരമായ സ്വാധീനമാണ് ഇത് സൃഷ്ടിക്കുക. മികച്ച നിക്ഷേപകേന്ദ്രം എന്ന നിലയിൽ അബൂദബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുവാനും ശൈഖ് മുഹമ്മദിെൻറ നടപടി വഴിയൊരുക്കുെമന്നും യൂസുഫലി കൂട്ടിച്ചേർത്തു.
വ്യവസായ മേഖലക്ക് കൈത്താങ്ങാവും –കേശവൻ മുരളീധരൻ
അബൂദബി: പുതിയ സംഭവവികാസങ്ങൾ ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച പുത്തൻ സാമ്പത്തിക പദ്ധതികൾ നാടിന് ഉണർവ് പകരുമെന്ന് എസ്.എഫ്.സി ഗ്രൂപ് സ്ഥാപക ചെയർമാനും എം.ഡിയുമായ കേശവൻ മുരളീധരൻ അഭിപ്രായപ്പെട്ടു. ചെറുകിടക്കാരും വളർന്നുവരുന്ന ഇടത്തരക്കാരുമായ വ്യവസായികളെ ആശങ്കയുടെയും ഭയത്തിെൻറയും നിഴലിൽ വീണുപോകാതെ നിർത്താനുള്ള കൈത്താങ്ങായി ഇതു മാറും. മഹാമനസ്കരും ക്രാന്തദർശികളുമായ രാഷ്ട്ര നായകരുടെ ഇടപെടൽ ഏവർക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതീക്ഷ പകരുന്ന പാക്കേജ് –ഡോ. ഷംഷീർ
ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശപ്രകാരം അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് സാധാരണക്കാർക്കും സംരംഭകർക്കും ഒരുപോലെ പ്രതീക്ഷ പകരുന്നതാണെന്ന് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ. പ്രഖ്യാപനം സാമ്പത്തിക മേഖലയെ കൂടുതൽ ചലനാത്മകമാക്കും. നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതോടൊപ്പം സാധാരക്കാരുടെ ചെലവ് കുറക്കാനും നടപടി സഹായിക്കും. കോവിഡ്-19 സൃഷ്ടിക്കുന്ന സാമ്പത്തിക മാന്ദ്യം യു.എ.ഇയെ ബാധിക്കാതിരിക്കാൻ പാക്കേജ് ഗുണം ചെയ്യും. ജീവിതച്ചെലവ് കുറക്കാനും നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഒരേസമയം ശ്രദ്ധചെലുത്തിയതിലൂടെ സമൂഹത്തിെൻറ എല്ലാ തലങ്ങളിലുള്ളവർക്കും ഗുണം ലഭിക്കും. യു.എ.ഇ ഭരണാധികാരികൾ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം എല്ലാവർക്കും പ്രചോദനകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശംസനീയമായ നടപടി –ഡോ. ആസാദ് മൂപ്പൻ
ദുബൈ: അവശ്യവസ്തുക്കളുടെ നിരക്ക് കുറക്കുന്നതിന് അബൂദബി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ ഓരോ താമസക്കാര്‍ക്കും, പ്രത്യേകിച്ച് താഴ്ന്ന സാമ്പത്തിക തലത്തിലുള്ളവര്‍ക്ക് ഏറെ സഹായകരമാകുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്. വിവിധ ഫീസുകളും നിരക്കുകളും ഒഴിവാക്കിയതും ഇളവ് നല്കിയതും ബിസിനസ് രംഗത്ത് കാര്യമായ സ്വാധീനം ചെലുത്തും.
സമ്പദ് വ്യവസ്ഥയെ പ്രയാസകരമായ സമയത്ത് ആകര്‍ഷകവും സജീവവുമായി നിലനിര്‍ത്തുന്നതിനാണ് ഈ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് ഏറെ പ്രശംസനീയമാണ്. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ യു.എ.ഇ എങ്ങനെ മികച്ച നേതൃപാടവം കാഴ്ചവെക്കുന്നു എന്നതുകൂടിയാണ് ഈ നീക്കം വ്യക്തമാക്കുന്നത്. നേരത്തേ നിശ്ചയിച്ച് അംഗീകരിച്ച മൂലധനച്ചെലവും വികസന പദ്ധതികളും തലസ്ഥാന നഗരത്തില്‍ ആസൂത്രണം ചെയ്തപോലെ തുടരുമെന്ന് താമസക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഉറപ്പുനല്‍കുന്നതുമാണ് അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ സ്വീകരിച്ച പുതിയ നടപടികള്‍.
കോവിഡ് 19 പ്രതിസന്ധി മറികടക്കുന്നതിന് ദുബൈ സർക്കാറും സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇയിലെ ദീര്‍ഘവീക്ഷണം നിറഞ്ഞ ഭരണാധികാരികള്‍, വെല്ലുവിളികളെ എങ്ങനെയാണ് വിജയകരമായി നേരിടുന്നതെന്ന് കാണിച്ചുതരുന്നതാണ് ഈ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.