ദുബൈ: മഹാമാരിക്കെതിരെ യൂനിഫോമണിഞ്ഞ് പോരാട്ടം തുടരുന്ന സേനയെ അണുബാധയിൽനിന്ന് സുരക്ഷിതമായി സംരക്ഷിക്കാൻ 30,000 യു.എ.ഇ സൈനികർക്ക് കോവിഡ് -19 വാക്സിൻ നൽകിയതായി പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വാക്സിൻ ലഭിച്ചവരിൽ സൈനിക കരാറുകാരും ദേശീയ സേവന റിക്രൂട്ട്‌മെൻറ് വിഭാഗവും ഉണ്ടെന്ന് യു.എ.ഇ സായുധസേനയുടെ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ഐഷ അൽ ധഹേരി പറഞ്ഞു.
കൊറോണ വൈറസിനെതിരായ രാജ്യത്തിെൻറ പോരാട്ടത്തിെൻറ മുൻനിരയിലാണ് യൂനിഫോമിലുള്ള പുരുഷന്മാരും സ്ത്രീകളും. പരിചരണ സാമഗ്രികൾ എത്തിക്കാനും ഗുരുതര രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാനും പകർച്ചവ്യാധികൾക്കിടയിൽ അതിർത്തി സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നത് സൈനികരാണ്. അഞ്ച് സ്ക്രീനിങ് സെൻററുകൾ സൃഷ്ടിച്ച് കേസ് കണ്ടെത്തുന്നതിലും സൈനിക ഉദ്യോഗസ്ഥർ വ്യാപൃതരാണ്. യു.എ.ഇക്കുള്ള വാക്സിനേഷൻ പരീക്ഷണങ്ങളെയും എല്ലാ അർഥത്തിലും സൈന്യം പിന്തുണച്ചതായും ഡോ. ധഹേരി, മന്ത്രാലയം സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിൽ ചൂണ്ടിക്കാട്ടി.
സിവിലിയൻ സ്ഥാപനങ്ങളുമായി അടുത്ത ഏകോപനം നടത്തി മഹാമാരിക്കെതിരെ രാജ്യത്തെ പ്രതിരോധിക്കുന്നതിൽ യു.എ.ഇ സൈന്യം നിർണായക പങ്കാണ് വഹിക്കുന്നത്. മഹാമാരിയെ പ്രതിരോധിക്കാനുള്ള യു.എ.ഇ സർക്കാർ ശ്രമങ്ങളുടെ ഭാഗമായി മെഡിക്കൽ, ലോജിസ്റ്റിക്കൽ, സുരക്ഷ ആവശ്യകത പരിഹരിക്കുന്നതിൽ സായുധസേന പങ്കാളികളാവുന്നുണ്ട്. ആദ്യത്തെ കോവിഡ് കേസ് കണ്ടെത്തുന്നതിന് മുമ്പുതന്നെ രാജ്യത്തെ ആഭ്യന്തര മെഡിക്കൽ പ്രതികരണം വർധിപ്പിക്കുന്നതിൽ സൈന്യം പങ്കുവഹിച്ചതായും ഡോ. ധഹേരി കൂട്ടിച്ചേർത്തു.
സൈന്യത്തിലെ മെഡിക്കൽ ഓഫിസർമാർ സിവിലിയൻ ഡോക്ടർമാർക്കൊപ്പം പ്രവർത്തിച്ച് ആയിരക്കണക്കിന് രോഗികൾക്കാണ് ചികിത്സ നൽകുന്നത്. ആശുപത്രിയുടെ കിടക്ക ശേഷി 300ൽനിന്ന് 525 ആക്കാനും 135 തീവ്രപരിചരണ യൂനിറ്റുകൾ വികസിപ്പിക്കാനും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു.
ഗതാഗതശേഷി വർധിപ്പിച്ച് അവശ്യ മെഡിക്കൽ സപ്ലൈകളും വിതരണ ശൃംഖലകളും പരിപാലിക്കാൻ സൈന്യം ഉറപ്പുവരുത്തി. കോവിഡിനെ നേരിടാൻ സഹായിക്കുന്നതിനായി ഡബ്ല്യു.എച്ച്.ഒ വിതരണക്കാരെയും ഉദ്യോഗസ്ഥരെയും ദുബൈയിൽനിന്ന് തെഹ്റാനിലേക്ക് കൊണ്ടുപോയത് ഞങ്ങളുടെ വ്യോമസേനയാണ് -സൈനികർ തുടരുന്ന പോരാട്ടത്തെ കുറിച്ച് ഡോ. ധഹേരി വ്യക്തമാക്കി.
''ഈ മഹാമാരിയെ പരാജയപ്പെടുത്തുക, ദേശീയ പ്രതിരോധം മെച്ചപ്പെടുത്തുക, സമാധാനം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കാൻ ആഗോളതലത്തിൽ സഹകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'' –സൈനികേതര ഭീഷണികൾ തടയുന്നതിനും ലഘൂകരിക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കേണ്ടതിെൻറ ആവശ്യകത ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.