ദുബൈ: കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേറെ ഉയർന്ന ഗൾഫ് മേഖലയിൽ േരാഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതിനിടയിലും മലയാളികളുടെ മരണസംഖ്യ കൂടുന്നത് പ്രവാസലോകത്തും കുടുംബങ്ങളിലും ആശങ്കയുയർത്തുന്നു. യു.എ.ഇ, സൗദി, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലായി ഇതിനകം 1043 പേർക്ക് േകാവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടപ്പോൾ ഇതിൽ 153 പേർ മലയാളികളാണ്. യു.എ.ഇയിലും സൗദിയിലുമാണ് കൂടുതൽ മലയാളി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. യു.എ.ഇ 91, സൗദി 34, കുൈവത്ത് 25, ഒമാൻ രണ്ട്, ഖത്തർ ഒന്ന് എന്നിങ്ങനെയാണ് മലയാളി മരണസംഖ്യ. ഇതിനു പുറമെ ഹൃദയാഘാതം ഉൾപ്പെടെ മറ്റു കാരണങ്ങളാൽ മരിച്ചവർക്ക് പിന്നീട് പരിശോധനയിൽ കോവിഡ് കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. താരതമ്യേന മരണനിരക്ക് കുറവുള്ള ബഹ്റൈനിൽ മലയാളികളാരും കോവിഡ് മൂലം മരിച്ചിട്ടില്ല. ചികിത്സ സൗകര്യങ്ങളുടെ പരിമിതി പലരാജ്യങ്ങളിലും ഉണ്ടെങ്കിലും മലയാളികളിൽ മിക്കവരും ആശുപത്രിയിലാണ് മരിച്ചത്. പ്രമേഹം, ഹൃദ്രാേഗം, വൃക്കരോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ കൂടുതലാണെന്നത് കോവിഡ് സങ്കീർണത രൂക്ഷമാക്കുന്നുണ്ട്.
ലേബർ ക്യാമ്പുകളിലും ബാച്ലർ മുറികളിലും കൂട്ടമായി താമസിക്കുന്നതിനാൽ മലയാളികൾക്കിടയിൽ രോഗവ്യാപനവും കൂടുതലാണ്. നാട്ടിലേക്ക് മടങ്ങാൻ മലയാളികൾ തിരക്കുകൂട്ടുന്നതിന് പ്രധാന കാരണവും ഇതുതന്നെ. ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട മലയാളികളിൽ 22കാരൻ മുതൽ വയോധികർ വരെയുണ്ട്. ഇവരിൽ പലരുടെയും മരണത്തോടെ കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സ് തന്നെയാണ് ഇല്ലാതായത്. വാർധക്യത്തിലും കുടുംബം പോറ്റാൻ പ്രവാസിയായി തുടർന്നവരുടെ ചേതനയറ്റ ദേഹംപോലും ഉറ്റവർക്കരികിലെത്തിക്കാനാവാത്ത അവസ്ഥയാണ്. ഒരു ഡോക്ടർ ഉൾപ്പെടെ മൂന്ന് ആരോഗ്യ പ്രവർത്തകരും കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞു. എന്നാൽ, ഇവരുടെ കുടുംബങ്ങൾക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു സമാശ്വാസ വാക്കുപോലും ലഭിച്ചിട്ടില്ല എന്നത് വേദനയാണ്. പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കേണ്ട നോർക്ക നോക്കുകുത്തിയാവുേമ്പാൾ സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരുമാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആശ്വാസ പ്രവർത്തനങ്ങൾ ഒരുക്കാനും മുന്നിട്ടിറങ്ങുന്നത്. കോവിഡ് പ്രതിസന്ധിയിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാറുകൾ ആശ്വാസമേകണമെന്ന ആവശ്യം പ്രവാസലോകത്ത് ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.