ശൈഖ് മക്തൂം ബിൻ മുഹമ്മദിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഫെഡറൽ ടാക്സ് അതോറിറ്റി യോഗം
ദുബൈ: അടുത്തമാസം മുതൽ കോർപറേറ്റ് നികുതി ഏർപ്പെടുത്താനിരിക്കെ ഫെഡറൽ ടാക്സ് അതോറിറ്റി തയ്യാറെടുപ്പുകൾ വിലയിരുത്തി.
അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേർസിന്റെ രണ്ടാമത്തെ യോഗമാണ് കഴിഞ്ഞ ദിവസം യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്നത്. കോർപ്പറേറ്റ് നികുതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെക്കുറിച്ച് ബോർഡ് യോഗത്തിൽ വിശദീകരിച്ചു. അതോറിറ്റിയുടെ അഡ്വാൻസ്ഡ് ഇന്‍റഗ്രേറ്റഡ് ഡിജിറ്റൽ ടാക്സ് സർവീസ് പ്ലാറ്റ്‌ഫോമായ ‘ഇമാറാടാക്‌സി’നെ കുറിച്ച അവലോകനവും യോഗത്തിൽ നടന്നു.
ബിസിനസ് ലാഭത്തിന് ഒമ്പത് ശതമാനം കോർപറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു.എ.ഇ ധനകാര്യ മന്ത്രാലയം കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. എന്നാൽ ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 3,75,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ, റിയൽ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തിഗത വരുമാനത്തിനും കോർപറേറ്റ് നികുതി ബാധകമല്ല.
ലൈസൻസുള്ളതോ അല്ലാത്തതോ ആയ ബിസിനസിൽ നിന്നോ മറ്റ് വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നോ അല്ലാതെ വ്യക്തികൾ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ നികുതിയുണ്ടാവില്ല.
ആഗോളതലത്തിലെ മികച്ച രീതികൾ സംയോജിപ്പിക്കുന്നതിനായാണ് കോർപറേറ്റ് നികുതി വ്യവസ്ഥ രൂപപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യമായ അക്കൗണ്ടിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ പ്രകാരമുള്ള ലാഭത്തിനാണ് കോർപറേറ്റ് നികുതി നൽകേണ്ടിവരിക.
എമിറേറ്റ് തലത്തിലുള്ള കോർപറേറ്റ് നികുതിക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന സംവിധാനങ്ങൾക്ക് ഒഴികെ, എല്ലാ ബിസിനസുകൾക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും ഒരുപോലെ നികുതി ബാധകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.