വ്യത്യസ്തമായ പുതിയ നിരവധി പരിപാടികൾ കൂടി ഉൾകൊള്ളിച്ച് രാത്രിയും പകലും സന്ദർശകരെ ആകർഷിക്കുന്ന രീതിയിലാണ് മേള അണിയിച്ചൊരുക്കുന്നത്. മലയാളിയുടെ അഭിമാനമായ നടൻ മോഹൻലാലിന്റെ ആഗോള സ്വീകാര്യതയെ അടയാളപ്പെടുത്തുന്ന ചടങ്ങായ ‘ബിയോണ്ട് ബൗണ്ടറീസ്’ മൂന്നാം ദിവസം സായാഹ്നത്തിലാണ്
യു.എ.ഇയിലെ വ്യത്യസ്ത ജനസമൂഹങ്ങൾക്ക് ഒരുപോലെ ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന അനേകം വിഭവങ്ങൾ കോർത്തിണക്കി ഗൾഫ് മാധ്യമം ഒരുക്കിയ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക, വിജ്ഞാനമേളയായ കമോൺ കേരളയുടെ ഏഴാമത് എഡിഷന് ഷാർജയിൽ അരങ്ങുണരുകയാണ്. തുടർച്ചയായി ആറു എഡിഷനുകളും പ്രവാസി സമൂഹം വൻ വിജയമാക്കിയ മേള ഇത്തവണയും പ്രവാസി സമൂഹം ഏറ്റെടുത്തു കഴിഞ്ഞുവെന്നാണ് ഓൺലൈൻ രജിസ്ട്രേഷനുകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേള യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നത്. ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്റെയും ഷാർജ എക്സലൻസ് അവാർഡിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ യു.എ.ഇയിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള 200ഓളം വാണിജ്യ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും സൂപ്പർ സ്റ്റാർ മോഹൻലാൽ, നടി പ്രിയാ മണി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങുകളും അരങ്ങേറും.
മേളയുടെ ഉദ്ഘാടനം മേയ് 9ന് വൈകുന്നേരം നാലിന് ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി നിർവഹിക്കും. യു.എ.ഇയിലെയും ഇന്ത്യയിലെയും ഉന്നത വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും സാമൂഹിക, സാംസ്കാരിക നേതാക്കളും ചടങ്ങിൽ സന്നിഹിതരാകും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പുതിയ നിരവധി പരിപാടികൾകൂടി ഉൾക്കൊള്ളിച്ച് രാത്രിയും പകലും സന്ദർശകരെ ആകർഷിക്കുന്ന രീതിയിലാണ് മേള അണിയിച്ചൊരുക്കുന്നത്. യു.എ.ഇയുടെ സാമൂഹിക വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ മികച്ച കോളജ് അലുമ്നിയെ ആദരിക്കുന്ന ചടങ്ങും വിദ്യാർഥികളുടെ കലാപ്രകടന മത്സരവും ഇത്തവണ പ്രത്യേകമായി ഒരുക്കുന്നുണ്ട്.
രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ നിരവധി അതിഥികളും ഭാഗമാകും. കുട്ടികൾക്കായി ലിറ്റിൽ ആർട്ടിസ്റ്റ് ചിത്രരചനാ മത്സരം, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ഫാഷൻ ഷോ, സ്കൂൾ വിദ്യാർഥികൾക്കായി കാമ്പസ് ബീറ്റ്സ്, കുടുംബങ്ങൾക്കായി ട്രഷർ ഹണ്ട്, എ.ഐ മച്ചാൻസ് ഷോ, പാട്ടിന് സമ്മാനവുമായി ‘സിങ് എൻ വിൻ’, പാചകപ്രേമികൾക്കായി ദംദം ബിരിയാണി മത്സരം, ഷെഫ് മാസ്റ്റർ, ഡെസേർട്ട് മാസ്റ്റർ, യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്കായി ഷീ ട്രാവലേഴ്സ്, സിനിമ തൽപരർക്കായി ലൈറ്റ്സ് കാമറ ആക്ഷൻ എന്നീ പരിപാടികൾ പകൽ സമയങ്ങളിൽ അരങ്ങേറും. ആരോഗ്യം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലയിൽ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകർ മുഴുസമയം മേളയിൽ അണിനിരക്കും. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങിനും കമോൺ കേരള വേദിയാവും.
വീടുവാങ്ങാനും വിൽക്കാനും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രോപ്പർട്ടി ഷോ നടക്കും. അതിമനോഹര സാംസ്കാരിക പരിപാടികളാണ് മേളയുടെ മൂന്നു സായാഹ്നങ്ങളിലും ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ തനത് നാടൻ രുചികളും അറബ്, ചൈനീസ്, കോണ്ടിനന്റൽ വിഭവങ്ങളും പരിചയപ്പെടുത്തുന്ന ഫുഡ് സ്റ്റാളുകളും ഇത്തവണയും ഒരുക്കുന്നുണ്ട്. ഇതോടൊപ്പം മൂന്നു ദിവസവും സംഗീതമഴ പെയ്യിക്കാൻ പ്രമുഖ ഗായകരും എത്തും. സമൂഹമാധ്യമങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആസ്വാദക മനസ്സുകളിലേക്ക് ചേക്കേറിയ പാൻ ഇന്ത്യൻ സംഗീതതാരം സൽമാൻ അലിയുടെ ഷോയാണ് ആദ്യദിനം അരങ്ങേറുക. ആദ്യമായാണ് ഷാർജയിൽ സൽമാൻ അലി ഷോ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്. രണ്ടാം ദിനം കണ്ണൂർ ഷെരീഫും കൂട്ടരും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് ഗാനങ്ങൾ കോർത്തിണക്കിയ ‘ഇഷ്ഖും’ സംഗീതനിശയും ആസ്വാദകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതാകും. അതോടൊപ്പം യു.എ.ഇയിൽ വ്യാപാരരംഗത്ത് അടയാളപ്പെടുത്തിയ സ്ഥാപനങ്ങളെ ആദരിക്കുന്ന പയനിയേഴ്സ് അവാർഡ് ദാനവും വേദിയിൽ അരങ്ങേറും.
യു.എ.ഇയിലെയും ഇന്ത്യയിലെയും തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രമുഖർക്ക് നൽകുന്ന വുമൺ എക്സലൻസ് അവാർഡ് ദാനവും നടക്കും. സിനിമ-സാംസ്കാരിക ജീവിതത്തിലെ അരനൂറ്റാണ്ടിലേറെ നീണ്ട സജീവസാന്നിധ്യത്തിലൂടെ മലയാളിയുടെ അഭിമാനമായ നടൻ മോഹൻലാലിന്റെ ആഗോള സ്വീകാര്യതയെ അടയാളപ്പെടുത്തുന്ന ചടങ്ങായ ‘ബിയോണ്ട് ബൗണ്ടറീസ്’ മൂന്നാം ദിവസം സായാഹ്നത്തിലാണ് ഒരുക്കുന്നത്. പ്രമുഖരുടെ സാന്നിധ്യത്തിനും മനസ്സ് നിറക്കുന്ന കലാപ്രകടനങ്ങൾക്കും പരിപാടി സാക്ഷ്യംവഹിക്കും. ഗൾഫ് മേഖലയിൽ സൂപ്പർതാരത്തിന്റെ സ്വീകാര്യതയെ അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ ആഘോഷമായാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. കമോൺ കേരളയുടെ മുന്നോടിയായി മേയ് 8ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സിൽ ഇൻവെസ്റ്റ്മെൻറ് സമ്മിറ്റും ഒരുക്കുന്നുണ്ട്. ചടങ്ങിൽ യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖ സംരംഭകർ വിജയകഥകൾ പങ്കുവെക്കും. അതിവേഗം വളരുന്ന ഇന്ത്യ-യു.എ.ഇ സാമ്പത്തിക, വാണിജ്യ സഹകരണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന നിക്ഷേപക സംഗമം ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ ചർച്ച ചെയ്യും.
പുതുതായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ് വളർച്ച ലക്ഷ്യമിടുന്നവർക്കും ഉപകാരപ്പെടുന്നതായിരിക്കും നിക്ഷേപക സംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.