ദുബൈ: ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ-ദുബൈ) നടപ്പാക്കുന്ന ‘ക്ലോസർ ടു യു’ പദ്ധതിക്ക് ഗ്ലോബൽ വില്ലേജിൽ തിങ്കളാഴ്ച തുടക്കമാകും. ഫെബ്രുവരി അഞ്ചുവരെ ഒരു മാസക്കാലം നീളുന്ന കാമ്പയിൻ, ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് വിനോദത്തോടൊപ്പം വിവിധ സർക്കാർ സേവനങ്ങൾ അറിയാനും ഉപയോഗപ്പെടുത്താനും അവസരമൊരുക്കും. ഇതിനായി പ്രത്യേക പ്ലാറ്റ്ഫോമുകൾ സജ്ജീകരിച്ചിട്ടുണ്ട്. എൻട്രി പെർമിറ്റ്, ഗോൾഡൻ വിസ സേവനങ്ങൾ, ഐഡന്റിറ്റി, നാഷനാലിറ്റി സേവനങ്ങൾ, വർക്ക് പെർമിറ്റ് സേവനങ്ങൾ, കുട്ടികൾക്കായുള്ള പാസ്പോർട്ട് കൺട്രോൾ, 04 പ്ലാറ്റ്ഫോം, റെഡ് കാർപെറ്റ് കോറിഡോർ, ഹാപ്പിനസ് കാർഡ് തുടങ്ങിയവ മനസ്സിലാക്കാനും ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും ഇവിടെ അവസരം ഉണ്ടാകും.
കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിജ്ഞാനപ്രദമായ ഗെയിമുകൾ, ഇന്ററാക്ടീവ് പരിപാടികൾ എന്നിവയോടൊപ്പം ദിവസേനയുള്ള സർപ്രൈസുകളും ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങളും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനും ഈ പദ്ധതി സഹായിക്കും. സർക്കാർ സേവനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കാനും സന്തോഷം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ജി.ഡി.ആർ.എഫ്.എ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.