കുട്ടികളുടെ സുരക്ഷ മുഖ്യം: സ്കൂൾ ബസ് കാമറകൾ കണ്ണടക്കരുത്

അബൂദബി: സ്കൂൾ ബസുകളിലെ കാമറ പ്രവർത്തനം ഉറപ്പുവരുത്തണമെന്നും ഒരുവിധത്തിലും തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും ഡ്രൈവർമാർക്ക് നിർദേശം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കരുതെന്നും കുട്ടികൾ സേഫ്റ്റി ബെൽറ്റ് ധരിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ കർശന നിർദേശം നൽകി. വാഹനം കേടായാൽ പാലിക്കേണ്ട സുരക്ഷ നടപടികൾ സംബന്ധിച്ചും ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തിയിട്ടുണ്ട്.

സ്കൂൾ ബസിൽ വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താനാണ് അബൂദബിയിൽ ഡ്രൈവർമാർക്കും ബസ് അറ്റൻഡർമാർക്കും പരിശീലനം നൽകിയത്. സ്കൂൾ ബസ് സർവിസ് ദാതാക്കളായ എസ്.ടി.എസ് ഗ്രൂപ്പാണ് 'സേഫ് ഡ്രൈവർ' എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്. അബൂദബി ജെംസ് യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തിയ പരിപാടിയിൽ ഗതാഗത വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു. 700ലേറെ ഡ്രൈവർമാരും അറ്റൻഡർമാരും പരിശീലനത്തിൽ പങ്കെടുത്തു.

സുരക്ഷിതമായ ഡ്രൈവിങ് രീതികൾ, സുരക്ഷ നടപടികൾ, ഗതാഗത നിയമങ്ങൾ തുടങ്ങിയവാണ് പരിശീലനത്തിൽ വിഷയമായത്. ഡ്രൈവറുടെ ഗുണപരവും പ്രഫഷനലിസത്തോടെയുമുള്ള പെരുമാറ്റത്തോടെയാണ് സ്കൂൾ ബസിലെ സുരക്ഷക്ക് തുടക്കമാവുന്നതെന്നും യാത്രികരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്നും എസ്.ടി.എസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സ്റ്റീവ് ബർനൽ വ്യക്തമാക്കി.

സ്കൂൾ ബസുകളുടെ യാത്രക്ക് മുൻഗണന നൽകണമെന്ന് ഇതര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഗതാഗത വകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു. ഇവർക്കായി ബോധവത്കരണ കാമ്പയിനും അധികൃതർ നടത്തുകയുണ്ടായി. യു.എ.ഇയിലെ 83 സ്കൂളുകളിലായി 3200ലേറെ സ്മാർട്ട് ബസുകൾ ഉപയോഗപ്പെടുത്തി 81000ത്തിലേറെ വിദ്യാർഥികൾക്കാണ് എസ്.ടി.എസ് ഗ്രൂപ് യാത്രാസൗകര്യം ഒരുക്കുന്നത്.

Tags:    
News Summary - Children's safety is paramount: Don't turn a blind eye to school bus cameras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.