ദുബൈ: മകന്റെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ പിതാവിന് അനുകൂലമായി വിധിച്ച് കോടതി. കൗമാരക്കാരനായ കുട്ടിയുടെ കാര്യത്തിൽ ഡാനിഷ് പൗരനായ പിതാവിന് പൂർണ സംരക്ഷണാവകാശം നൽകിയ കോടതി, മകനെ ഡെന്മാർക്കിലേക്ക് കൊണ്ടുപോകാനും അനുമതി നൽകി. കുട്ടിയുടെ സംരക്ഷണം, മാറ്റിപ്പാർപ്പിക്കൽ, സാമ്പത്തിക ബാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട് മാതാവും പിതാവും തമ്മിലെ കേസിൽ മാസങ്ങൾ നീണ്ട വിചാരണക്കു ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഈജിപ്തിൽ വെച്ച് വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. ഇളയ കുട്ടിയുമായി ബന്ധപ്പെട്ടാണ് കോടതിയിൽ കേസ് വന്നത്. കുട്ടിയെ തനിക്കും മൂത്ത കുട്ടിക്കുമൊപ്പം ഡെന്മാർക്കിൽ ജീവിക്കാൻ അനുവദിക്കണമെന്നാണ് പിതാവ് ആവശ്യമുന്നയിച്ചിരുന്നത്. മികച്ച വിദ്യാഭ്യാസം ലഭിക്കാനും സ്ഥിരത ലഭിക്കാനും ഇതാണ് കുട്ടിക്ക് ഗുണകരമാവുകയെന്ന് പിതാവ് വാദിച്ചു. കുടുംബത്തിന് സാമ്പത്തിക സഹായം നൽകിവന്നിട്ടുണ്ടെന്നും കുട്ടിയുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധനാണെന്നും ഇദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. മാതാവ് നേരത്തേ കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ കേസിൽ താമസസൗകര്യം, സാമ്പത്തിക സഹായം, വാഹനം, വീട്ടുചെലവുകൾ, മറ്റു സഹായങ്ങൾ എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബത്തെ ഏഴ് വർഷമായി ഭർത്താവ് ഉപേക്ഷിച്ചിരിക്കുകയാണെന്നും വിവാഹ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും മാതാവ് ചൂണ്ടിക്കാണിച്ചു. എന്നാൽ ഈ വാദങ്ങൾക്കെതിരെ സ്ഥിരമായി ധനസഹായം അനുവദിച്ച ബാങ്ക് രേഖകൾ ഭർത്താവ് ഹാജരാക്കി. അതോടൊപ്പം മാതാവ് മറ്റൊരു പുരുഷനൊപ്പം ബന്ധത്തിലാണെന്ന് ആരോപിച്ച് ഫോട്ടോകളും ഹാജരാക്കി. ഈ സാഹചര്യത്തിൽ കുട്ടിക്ക് ശരിയായ അന്തരീക്ഷത്തിൽ ജീവിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചു. ഈ കാര്യത്തിൽ ശരിയായ വിശദീകരണം നൽകാൻ സ്ത്രീക്ക് സാധിച്ചതുമില്ല.
ഇതോടെയാണ് സംരക്ഷണാവകാശ തർക്കത്തിൽ ഏറ്റവും പ്രധാനം കുട്ടിയുടെ ക്ഷേമമാണെന്ന് ചൂണ്ടിക്കാണിച്ച് പിതാവിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്. കുട്ടിയുടെ പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും സൂക്ഷിക്കാനുള്ള അനുമതിയും വിദ്യഭ്യാസ കാര്യത്തിലും ആരോഗ്യകാര്യത്തിലും പൂർണ അധികാരവും കോടതി പിതാവിന് നൽകിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.