ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സി.എച്ച് രാഷ്ട്ര സേവാ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നു
ദുബൈ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശക്തമായി നിലകൊണ്ട വ്യക്തിത്വമായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് ശശി തരൂർ എം.പി. കേരളത്തിൽ സ്ത്രീ-പുരുഷ സാക്ഷരത തുല്യമായി നിൽക്കുന്നതിെൻറ ക്രെഡിറ്റ് സി.എച്ചിനാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈ- കോഴിക്കോട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയില്‍ സി.എച്ച് രാഷ്്ട്ര സേവാ പുരസ്കാരം ദുബൈ ഭരണ കുടുംബാംഗം ശൈഖാ ഷംസ ബിന്ത് റാശിദ് ആല് മക്തൂമില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടികള്‍ക്കുള്ള സി.എച്ച്. മുഹമ്മദ് കോയ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനെ കുറിച്ച് ഓര്‍ത്തുപോവുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ നോക്കിയാല്‍, വിദ്യാഭ്യാസ രംഗത്ത് ജെന്‍ഡര്‍ ഗ്യാപ്പുണ്ട്. ഇന്ത്യയിലെ പുരുഷന്മാര് സാക്ഷരരാണ്. എന്നാല്‍, സ്ത്രീകളുടെ സാക്ഷരത നിരക്ക് 10 വര്‍ഷം മുമ്പുവരെ 23 ശതമാനമായിരുന്നു. കേരളത്തില്‍ ആ പ്രശ്നമില്ലാത്തതിെൻറ ക്രെഡിറ്റ് സി.എച്ചിനാണ്. ഇപ്പോള്‍ സ്ത്രീ-പുരുഷ സാക്ഷരത നിരക്ക് വ്യത്യാസമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളില്‍ മുസ്ലിം, നോണ്‍ മുസ്ലിം സ്ത്രീ സാക്ഷരത നോക്കിയാല്‍, മുസ്ലിം സ്ത്രീകള്‍ വളരെ പിന്നിലാണെന്ന് കാണാം. എന്നാല്‍, കേരളത്തില്‍ അത് സമമാണ്. സ്വന്തം സമുദായത്തിന് ശക്തിയുണ്ടാവണമെന്ന് വാദിച്ചപ്പോഴും ഇതര സമുദായങ്ങള്‍ക്കും ശക്തിയുണ്ടാവണമെന്ന് അദ്ദേഹം താല്പര്യപ്പെട്ടു. എനിക്ക് പ്രത്യേകമായി അദ്ദേഹത്തോടുള്ള താല്പര്യം സാഹിത്യ മേഖലയില്‍ അദ്ദേഹം നല്കിയ സംഭാവനകളാണ്. ഒമ്പതു പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഏഴെണ്ണവും യാത്രാ വിവരണങ്ങളാണ്. രാഷ്്ട്രീയമായിരുന്നില്ല. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും പാവങ്ങള്‍ക്ക് അത്താണിയും സാന്ത്വനവുമായി സി.എച്ച് സെൻററുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു നേതാവിനെ ഈ വിധത്തില്‍ സ്മരിക്കാനാകുന്നതും മഹത്തായ കാര്യമാണ്. സാമുദായിക സൗഹാര്‍ദത്തിെൻറ ഉന്നതനായ വക്താവ് കൂടിയായിരുന്നല്ലോ സി.എച്ച്. അതുകൊണ്ടാണ്, അദ്ദേഹത്തിെൻറ പേരിലെ 'സി.എച്ച്.എം' എന്നത് ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം മൈത്രീ സംഗമ വാക്കായി വായിക്കാനാകുന്നത് എന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകക്രമത്തില്‍ കോര്‍പറേറ്റ് കമ്പനികളുടെ വാണിജ്യപരവും വ്യാവസായികവുമായ ബുദ്ധികേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യക്കാരാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ലെന്ന് ഡി.പി വേള്‍ഡ് സി.ഒ.ഒ മഹ്മൂദ് അല്‍ ബസ്തകി പറഞ്ഞു. ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങി നിരവധി വമ്പന്‍ കമ്പനികളുടെ സി.ഇ.ഒമാര്‍ ഇന്ത്യക്കാരാണ്. അമേരിക്ക, യു.കെ, ആസ്ട്രേലിയ തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിലെ ഭരണ രംഗത്തും ഇന്ത്യന്‍ സാന്നിധ്യം പ്രകടമാണ്. ഇത്തരത്തില്‍ ലോകത്തെ ചലിപ്പിക്കുന്നത് തന്നെ ഇന്ത്യക്കാരാണെന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ-കോഴിക്കോട് ജില്ല കെ.എം.സി.സി ജന.സെക്രട്ടറി കെ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ല ആക്ടിങ് പ്രസിഡൻറ് കെ.പി. മൊയ്തീന് കോയ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ഹസം ഹംസയുടെ ഖിറാഅത്തോടെയാണ് പരിപാടി ആരംഭിച്ചത്. സി.എച്ചിെൻറ മകനും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, സി.എച്ച് അവാര്‍ഡ് ജൂറി ചെയര്മാന് ഡോ. പി.എ. ഇബ്രാഹിം ഹാജി, ഡബ്ല്യു.എം.ഒ ജന.സെക്രട്ടറി എം.എ. മുഹമ്മദ് ജമാല്‍, റിയാസ് ചേലേരി, കായക്കൊടി ഇബ്രാഹിം മുസ്ലിയാര്, ഡോ. സുബൈര്‍ ഹുദവി എന്നിവര്‍ വിശിഷ്ടാതിഥികളായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും വാഗ്മിയുമായ ഷാഫി ചാലിയം അനുസ്മരണ പ്രഭാഷണം നടത്തി. തമീം അബൂബക്കർ, റിയാസ് ചേലേരി, എ.എ.കെ. മുസ്തഫ, ജമാദ് ഉസ്മാന്, ഡോ. ശിഹാബ് ഷാ എന്നിവരെയും ആദരിച്ചു. ജില്ല കെ.എം.സി.സിയുടെ വിദ്യാഭ്യാസ പദ്ധതിയായ എജു ടച്ച് സ്കോളര്‍ഷിപ് ബ്രോഷര്‍ പ്രകാശനം എം.കെ. മുനീര്‍ നിര്‍വഹിച്ചു. ഹംസ കാവില്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.
ദുബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അധിക്ഷേപം മുസ്ലിമായതുകൊണ്ട് മാത്രമാണെന്ന് ശശി തരൂർ. മുസ്ലിമായതു കൊണ്ട് ഷമി പാകിസ്താനെ ജയിപ്പിച്ചുവെന്ന വൃത്തികേടും വര്‍ഗീയതയും ഒരു നാണവുമില്ലാതെ വിളമ്പുകളാണിവര്. കോഹ്ലി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആക്ഷേപമില്ല. അത്തരം വര്‍ഗീയ നീക്കങ്ങളെ നാം ധൈര്യത്തോടെ എതിര്‍ക്കണം. ഒരു പാകിസ്താന് നേതാവ് ഇത് ഇസ്ലാമിെൻറ വിജയമാണ് എന്ന് പറഞ്ഞാല്‍ അതിനെയും നാം എതിര്‍ക്കും. കാരണം, ഇത് മതത്തിെൻറ വിജയമല്ല, ക്രിക്കറ്റിെൻറ വിജയമാണ്. നന്നായി കളിച്ചതു കൊണ്ടാണ് വിജയം നേടാനായത് എന്നതാണ് സത്യം. എല്ലാറ്റിലും മതം കൊണ്ടു വന്ന് ഭിന്നിപ്പിക്കുന്ന രീതി ഇന്ന് എമ്പാടുമുണ്ട്. അത് ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കുമെന്നും ശശി തരൂര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.