ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തരുത്; മുന്നറിയിപ്പ് നൽകി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി

അബൂദബി: ലൈസന്‍സില്ലാത്ത കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനെതിരെ നിക്ഷേപകര്‍ക്ക് യു.എഇ ഫെഡറല്‍ ധനകാര്യ റെഗുലേറ്ററി ബോഡിയായ ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ കര്‍ശന മുന്നറിയിപ്പ്. ഏതെങ്കിലും കമ്പനികളുമായോ സ്ഥാപനങ്ങളുമായോ സാമ്പത്തിക കരാറുകളില്‍ ഒപ്പിടുന്നതിനോ പണം കൈമാറുന്നതിനോ മുമ്പ്, പ്രത്യേകിച്ച് നിക്ഷേപങ്ങളും സാമ്പത്തിക സേവനങ്ങളും ഉള്‍പ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങളില്‍, കമ്പനിയുടെ നിയമപരമായ പദവി കൃത്യമായി പരിശോധിക്കണം.

ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളിലേക്ക് കടക്കുന്നതിന് മുമ്പ്, അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.uaecma.gov.ae) പ്രസിദ്ധീകരിച്ചിട്ടുള്ള ലൈസന്‍സുള്ള അംഗീകൃത കമ്പനികളുടെ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പൊതുജനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. വ്യാജ കമ്പനികള്‍ അല്ലെങ്കില്‍ ലൈസന്‍സില്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന പ്രവണതകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. യു.എഇയില്‍ ഔദ്യോഗിക ലൈസന്‍സോ അനുവാദം ഇല്ലാതെയോ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിക്ഷേപകരെ സമീപിച്ച് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴാണ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നത്.

അതേസമയം, ധനകാര്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ അതോറിറ്റി നിയന്ത്രിക്കുന്ന സേവനങ്ങള്‍ നല്‍കുന്നതിനോ ‘ഖനത് അല്‍ അമല്‍ സര്‍വീസസ് ആന്‍ഡ് കോള്‍ സെന്‍റേഴ്‌സ്’ എന്ന കമ്പനിക്ക് ഔദ്യോഗിക ലൈസന്‍സില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ കമ്പനിയുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെയോ മറ്റ് പ്രവര്‍ത്തനങ്ങളുടെയോ പേരില്‍ ഉണ്ടാകുന്ന ഒരു ബാധ്യതയും അതോറിറ്റി ഏറ്റെടുക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Capital Market Authority Issues Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.