ദുബൈ: ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററർ സംഘടിപ്പിക്കുന്ന ‘യു.എ.ഇ കാമൽ ട്രക്കി’ന്റെ ഒമ്പതാം എഡിഷനിൽ 34 ഒട്ടകങ്ങൾ പങ്കെടുക്കും. അബൂദബിയിലെ അരാദയിൽനിന്ന് തുടങ്ങുന്ന യാത്ര 12 ദിവസം പിന്നിട്ട് ദുബൈ ഗ്ലോബൽ വില്ലേജിലാണ് സമാപിക്കുക. യു.എ.ഇ അടക്കം 15 രാജ്യങ്ങളിൽ നിന്നുള്ള സവാരിക്കാരാണ് യാത്രയിൽ അണിനിരക്കുക.
600 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ വാർഷിക ഒട്ടകയാത്ര, വിവിധ പ്രായക്കാരും രാജ്യക്കാരും പങ്കാളികളാകുന്ന ലോകത്തെ ഏറ്റവും വലിയ യാത്രയാണ്. യു.എ.ഇയിലെ പഴയകാല ബദവി ഗോത്രങ്ങൾ സഞ്ചരിച്ചിരുന്ന വഴികളിലൂടെയാണ് സംഘത്തിന്റെ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
അറാദയിൽനിന്ന് തുടങ്ങി, താൽ മിറാബ്, അൽ ഖർസ, ഖസർ അൽ സറാബ്, അറേബ്യൻ ഓറിക്സ് റിസർവ്, ജമ്മുൽ അൻസ്, ഉമ്മുൽ ഹുബ്ബ്, അൽ അജ്ബാൻ, സെയ്ഹ് അൽസലാം തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ടാണ് ഗ്ലോബൽ വില്ലേജിൽ സമാപിക്കുക. യു.എ.ഇ, യു.എസ്, യമൻ, ഫ്രാൻസ്, ഇന്ത്യ, ഇറ്റലി, യു.കെ, റഷ്യ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ബ്രസീൽ, ജോർഡൻ, സിറിയ, ലക്സംബർഗ്, ജർമനി, ചൈന, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ട്രക്കിങ്ങിൽ പങ്കെടുക്കുന്നത്.
ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററർ സി.ഇ.ഒ അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക്കിന്റെ നേതൃത്വത്തിലാണ് കാരവൻ. യാത്രയിൽ പങ്കെടുക്കാനായി ഈ വർഷം 400ലധികം അപേക്ഷകൾ ലഭിച്ചുവെന്നും ആഴ്ചകളോളം നീണ്ട കഠിനമായ പരിശീലനത്തിനും തയാറെടുപ്പിനും വിധേയരായവരിൽനിന്ന് തിരഞ്ഞെടുത്തവരെയാണ് കാരവന്റെ ഭാഗമാക്കിയതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.