തിരക്കേറിയ വിമാനത്താവളം: ദുബൈ വീണ്ടും ഒന്നാമത്​

ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന നേട്ടം ദുബൈ നിലനിർത്തി. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിനെ പിന്നിലാക്കിയാണ്​ ദുബൈ ഒന്നാം സ്​ഥാനം നിലനിർത്തിയത്​. ഏവിയേഷൻ കൺസൾട്ടൻസിയായ ഒ.എ.ജിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ്​ ഇക്കാര്യമുള്ളത്​.

3,542,886 സീറ്റുകളുമായി ദുബൈ ഒന്നാം സ്​ഥാനത്തെത്തിയപ്പോൾ 2,506,259 സീറ്റുകളുമായി ലണ്ടൻ രണ്ടാമതെത്തി. ആംസ്​റ്റർഡാം, പാരീസ്​ ചാൾസ്​ ഡി എയർപോർട്ട്​, ഇസ്​താംബൂൾ, ഫ്രാങ്ക്​ഫർട്ട്​, ദോഹ, മഡ്രിഡ്​, ന്യൂയോർക്ക്​, മിയാമി എന്നിവയാണ്​ ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ്​ വിമാനത്താവളങ്ങൾ. ഏഴാം സ്ഥാനത്തായിരുന്ന ആംസ്​റ്റർഡാം മൂന്നാമതെത്തിയതാണ്​ ​പ്രധാന നേട്ടം.

അതേസമയം, 36ാമതുള്ള മിയാമി പത്താം സ്​ഥാനത്തേക്ക്​ കുതിച്ചെത്തി. കോവിഡ്​ എത്തിയ ശേഷം വീണ്ടും പൂർണ ശേഷിയിൽ പ്രവർത്തനം നടത്തുന്ന ദുബൈ വിമാനത്താവളത്തിന്‍റെ ടെർമിനൽ മൂന്നിൽ മാത്രം ഈ മാസം 16 ലക്ഷം യാത്രക്കാർ എത്തുമെന്നാണ്​ പ്രതീക്ഷ. ഒക്ടോബറിൽ പത്ത്​ ലക്ഷം യാത്രികരാണ്​ എത്തിയതെങ്കിൽ നവംബറിലും ഡിസംബറിലും ഇത്​ ഇരട്ടിയിലേറെയായി. എക്​സ്​പോ 2020യും ടൂറിസം സീസൺ തുടങ്ങിയതുമാണ്​ ദുബൈയിൽ തിരക്ക്​ വർധിക്കാൻ കാരണം.

ഒമിക്രോൺ ഭീഷണിയു​ള്ള സാഹചര്യത്തിലും ദുബൈ വിമാനത്താവളത്തി​ന്‍റെ പ്രവർത്തനം കൂടുതൽ ​ശക്​തമായി മുന്നോട്ടുപോകുകയാണ്​.

Tags:    
News Summary - Busiest airport: Dubai first again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.