?? ????? ?????? ?? ???? ???? ????????????? ??????

വാചാലമീ ചിത്രങ്ങള്‍; ഷാര്‍ജയില്‍ നിശബ്​ദ പുസ്തകോത്സവം തുടങ്ങി

ഷാര്‍ജ: ആയിരം വാക്കുകള്‍ കൊണ്ട് പറയേണ്ട കാര്യങ്ങള്‍ കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കുകയാണ് ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനില്‍ ആരംഭിച്ച നിശബ്​ദ പുസ്തകോത്സവം. പ്രകൃതിയും ജീവജാലങ്ങളും ആവാസ വ്യവസ്ഥകളും പലായനം ചെയ്യപ്പെടുന്നവരുടെ ഭീതികളും, ആധുനിക കാലത്തെ ബാല്യകാലവും അതിമനോഹരമായി വാക്കുകളില്ലാതെ പറയുകയാണ് ഈ പുസ്തകങ്ങള്‍. ഇവിടെ എത്തുമ്പോള്‍ ലോകം നിറങ്ങളുടെ ഒറ്റ ഭാഷയിലേക്ക് മാറുന്നു. ഭാഷയുടെ അതിരുകള്‍ മാഞ്ഞ് പോയി സപ്ത വര്‍ണങ്ങളുടെ വാചാലത തെളിയുന്നു.
നിറങ്ങളുടെ കയറ്റിറക്കങ്ങളിലൂടെ ജീവിതത്തി​​െൻറ സമസ്ത മേഖലകളെയും വരച്ച് കാണിക്കാമെന്നുള്ളതിന്‍െറ ഉത്തമ ഉദാഹരണമാണ് പുസ്തകോത്സവം. ‘ദി ബോയ് ആന്‍ഡ് ദി ഹൗസ്’ എന്ന പുസ്തകം കുട്ടിത്തത്തി​​െൻറ വിവിധ കോണുകളിലേക്ക് കൊണ്ട് പോകുമ്പോള്‍ ‘ദി ജേര്‍ണി’ എന്ന പുസ്തകത്തിന്‍െറ താളുകള്‍ മറിക്കുമ്പോള്‍  പ്രകൃതിയിലേക്ക് നാം ആനയിക്കപ്പെടുകയാണ്. പുലരി തുടുപ്പുകളില്‍ നിന്ന് രാത്രിയിലേക്ക് നീളുന്ന പ്രകൃതിയുടെ വാചാലതയാണ് ഈ പുസ്തകം വരച്ച് കാട്ടുന്നത്.  ഇത്തരത്തിലുള്ള നിരവധി പുസ്തകങ്ങളാണ് മേളയില്‍ നിരത്തിയിരിക്കുന്നത്.

യു.എ.ഇ ബോര്‍ഡ് ഓണ്‍ ബുക്സ് ഫോര്‍ യങ് പീപ്പിളി​​െൻറ (യു.എ.ഇ.ബി.ബി.വൈ) ആഭിമുഖ്യത്തില്‍ നടക്കുന്ന മേള എട്ടാഴ്ച നീളും. 2012ല്‍ ഇറ്റലിയിലെ ലാംപഡുസ ദ്വീപിലാണ് പ്രഥമ നിശബ്​ദ പുസ്തകോത്സവം നടന്നത്. സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യേണ്ടി വന്ന അഭയാര്‍ഥികളായ കുട്ടികള്‍ക്ക് ചിത്രങ്ങള്‍ മാത്രം നിറഞ്ഞ പുസ്തകങ്ങള്‍ നല്‍കി അവരെ സന്തോഷത്തി​​െൻറ നിറച്ചാര്‍ത്തുകളിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുസ്തകോത്സവം. പ്രതീക്ഷിച്ചതിലും കൂടിയ പിന്തുണയാണ് ഇതിന് ലഭിച്ചത്.

അറബ് മേഖലയില്‍ നിന്നുള്ള മൂന്ന് പുസ്തകം അടക്കം 54 ചിത്ര പുസ്തകങ്ങളാണ് ഷാര്‍ജയിലെ പ്രദര്‍ശനത്തിലുള്ളത്.
51 പുസ്തകങ്ങള്‍ 18 രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. രാജ്യം പലതാണെങ്കിലും പുസ്തകങ്ങളെല്ലാം പറയുന്നത് ഒരേവര്‍ണ ഭാഷ.
ചിത്രഭാഷ സാര്‍വലൗകികമാണെന്നും പറയപ്പെട്ടതും എഴുതപ്പെട്ടതുമായ വാക്കിനേക്കാള്‍ ഇതിന് ശക്തിയുണ്ടെന്നും യു.എ.ഇ.ബി.ബി.വൈ പ്രസിഡന്‍റ് മര്‍വ ആല്‍ അഖ്റൂബി അഭിപ്രായപ്പെട്ടു.

Tags:    
News Summary - book fest uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.