ഫുജൈറ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനോടൊപ്പമുള്ള സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ അനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങി. ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫിസാണ് ‘സായിദിനൊപ്പം’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചത്.
ശൈഖ് സായിദിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകൾ, രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും അതിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം എന്നിവ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറ എമിറേറ്റിന്റെ ഭരണാധികാരമേറ്റതിന്റെ 51ാം വാർഷികത്തോടനുബന്ധിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ശൈഖ് സായിദ് പുലർത്തിയിരുന്ന മഹത്തായ മൂല്യങ്ങളെയും ഭരണകൂടത്തിന്റെയും യൂനിയൻ പദ്ധതിയുടെയും അടിത്തറയായി അദ്ദേഹം സ്ഥാപിച്ച കാര്യങ്ങളും വിശദീകരിക്കുന്ന 22 അധ്യായങ്ങളാണ് ഇതിലുള്ളത്.
‘മഹാനായ മനുഷ്യർ ചരിത്രം സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടിൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ ആമുഖവും പുസ്തകത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മന്ത്രിസഭ യോഗത്തിൽ തുടങ്ങി 1990ലെ കുവൈത്ത് അധിനിവേശം, ഫലസ്തീനിനുള്ള ഉറച്ച പിന്തുണ തുടങ്ങിയ പ്രധാന അറബ് വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകൾ വരെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. രാഷ്ട്ര നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കിലുള്ള അദ്ദേഹത്തിന്റെ താൽപര്യത്തെക്കുറിച്ച് വിവരിക്കുന്നതിനും അധ്യായങ്ങൾ നീക്കിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.