ദുബൈ: ദീപാവലി ആഘോഷത്തിനിടെ മരിച്ച മലയാളി വിദ്യാർഥി വൈഷ്ണവ് കൃഷ്ണകുമാറിന്റെ(18) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി 9.30നാണ് വിമാന മാർഗം മൃതദേഹം കൊണ്ടുപോയത്. തൃശൂർ കുന്ദംകുളം സ്വദേശി വി.ജി. കൃഷ്ണകുമാറിന്റെയും വിധു കൃഷ്ണകുമാറിന്റെയും മകൻ വൈഷ്ണവ് ഒന്നാംവർഷ ബിരുദ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച രാത്രി ദുബൈ ഇന്റർനാഷനൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അതിനിടെ ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു.
ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂളിലായിരുന്നു വൈഷ്ണവിന്റെ പന്ത്രണ്ടാം ക്ലാസ് പഠനം. അക്കാദമിക രംഗത്തും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. കഴിഞ്ഞ വർഷം സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ 97.4 ശതമാനം മാർക്ക് നേടിയിരുന്നു. പാഠ്യ, പാഠ്യേതര വിഷയത്തിലെ മികച്ച പ്രകടനം കണക്കിലെടുത്ത് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. മാർക്കറ്റിങ്, സംരംഭക വിഷയങ്ങളിൽ മികച്ച രീതിയിൽ അവഗാഹമുണ്ടായിരുന്ന വൈഷ്ണവ് സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. സാമ്പത്തിക ഉപദേശങ്ങൾക്കൊപ്പം ലൈഫ് സ്റ്റൈൽ, മോട്ടിവേഷൻ, ദൈനംദിന വർകൗട്ട് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി വിഡിയോ ചെയ്യാറുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.