ദുബൈയിലെ മാധ്യമ കൂട്ടായ്മ അംഗങ്ങൾക്കൊപ്പം ബിൻസാൽ അബ്ദുൽ ഖാദർ
ദുബൈ: യു.എ.ഇ ദേശീയ വാർത്ത ഏജൻസിയായ വാമിന്‍റെ മുൻ എക്സിക്യുട്ടീവ് എഡിറ്ററും മലയാളിയുമായ ബിൻസാൽ അബ്ദുൽ ഖാദർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. റേഡിയോ അവതാരകനായി പ്രവാസ ലോകത്ത് മാധ്യമ പ്രവർത്തനം തുടങ്ങിയ ഇദ്ദേഹം പിന്നീട് ഏറെകാലം ഗൾഫ് ന്യൂസിലായിരുന്നു. ഇവിടെ നിന്നാണ് ദേശീയ വാർത്ത ഏജൻസിയായ വാമിൽ എക്സിക്യുട്ടീവ് എഡിറ്റർ പദവിയിലെത്തുന്നത്.
വാമിന് വേണ്ടി വിവിധ രാജ്യങ്ങളിലെ പ്രസിഡന്‍റ്, പ്രധാന മന്ത്രിമാർ ഉൾപ്പെടെ ലോക നേതാക്കളുമായി ബിൽസാൽ നടത്തിയ അഭിമുഖങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. മാധ്യമ പ്രവർത്തനത്തിനപ്പുറത്ത് സാമൂഹിക രംഗത്തും ശ്രദ്ധേയമായ നിരവധി ഇടപെടലുകളും ഇദ്ദേഹം നടത്തിയിരുന്നു. മാധ്യമ രംഗത്ത് ഒട്ടേറെ അവസരങ്ങൾ സമ്മാനിച്ച ഇടമാണ് യു.എ.ഇയെന്ന് ദുബൈയിൽ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ ബിൽസാൽ പറഞ്ഞു. ഒരു പക്ഷെ, മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ ഇത്രയും അവസരങ്ങൾ ലഭിക്കുമായിരുന്നില്ല. വിത്യസ്തരായ അനേകം മനുഷ്യരുമായി ഇടപഴകാനും ആശയ വിനിമയം നടത്താനും അവരുടെ ജീവിതം അടുത്തറിയാനും സാധിച്ചുവെന്നതാണ് മാധ്യമ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ കൈപ്പമംഗലം സ്വദേശിയായ ബിൻസാൽ ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം നേടിയ ശേഷമാണ് പ്രവാസം തെരഞ്ഞെടുക്കുന്നത്. മാധ്യമ രംഗത്തു നിന്ന് ഇടവേളയെടുത്ത് അഭിഭാഷക വേഷം വീണ്ടും അണിയനാണ് തീരുമാനം. ശിഷ്ടകാലം കേരള ഹൈകോടതിയിലെ സീനിയർ അഭിഭാഷകനായ എം.ആർ ഹരിരാജിന് കീഴിൽ പ്രാക്ടീസ് ചെയ്യാനായാണ് നാട്ടിലേക്കുള്ള മടക്കം. ഖിസൈസിലെ കാലിക്കറ്റ് നോട്ട് ബുക് റസ്റ്റാറന്‍റിൽ നടന്ന മാധ്യമ കൂട്ടായ്മയുടെ യോഗത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ, ടി. ജമാലുദ്ധീൻ, റോയ് റാഫേൽ, വനിത വിനോദ്, സാദിഖ് കാവിൽ, ഷിനോജ് ശംസുദ്ദീൻ, സുരേഷ് വെള്ളിമറ്റം, മുഹമ്മദ് സാലിഹ്, ടി.കെ മനാഫ്, ജസിത സഞ്ജിത്ത്, യാസർ അറഫാത്ത്, ശ്രീരാജ് കൈമൾ, അനൂപ് കീച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.