ദുബൈ: ലോകത്തെ ഏറ്റവും സുന്ദരവും രാത്രി സുരക്ഷിതവുമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഇടംപിടിച്ച് ദുബൈയും അബൂദബിയും. ദുബൈ നഗരം പട്ടികയിൽ മൂന്നാം സ്ഥാനത്തും അബൂദബി 12ാം സ്ഥാനത്തുമാണ്. യു.കെ ആസ്ഥാനമായ ട്രാവൽ ഏജൻസിയായ ട്രാവൽബാഗാണ് നഗരങ്ങളുടെ റാങ്കിങ് പട്ടിക പുറത്തുവിട്ടത്. ലോകരാജ്യങ്ങളിൽ രാത്രികാല വിനോദസഞ്ചാരത്തിന്റെ വർധിച്ചുവരുന്ന ആകർഷണീയത എടുത്തുകാണിക്കുന്നതാണ് റിപ്പോർട്ട്. രാത്രിയിലെ സൗന്ദര്യത്തിലും സുരക്ഷയിലും യു.എ.ഇയിലെ രണ്ട് നഗരങ്ങളും ആഗോളതലത്തിൽ മുൻപന്തിയിലാണെന്ന് വിലയിരുത്തുന്നു. സുരക്ഷയുടെ കാര്യത്തിൽ രണ്ട് നഗരങ്ങളും ഉയർന്ന മാർക്ക് നേടിയിട്ടുണ്ട്. രാത്രി സന്ദർശനത്തിൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി അബൂദബി നേരത്തേയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാത്രി സുരക്ഷയുടെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ദുബൈ നഗരം.
രാത്രികാല ജീവിത സൗകര്യങ്ങളെ കുറിച്ചും നഗര പരിസ്ഥിതി നിലവാരത്തെ കുറിച്ചും പഠനം വിശദമായി പരിശോധിക്കുന്നു. ദുബൈയിൽ അർധരാത്രിയിലും സജീവമായ 190 വേദികളാണുള്ളത്. ഇവിടങ്ങളിൽ ശബ്ദ, വെളിച്ച മലിനീകരണ തോത് 100ൽ 52.58 ശതമാനം മാത്രമാണ്. അബൂദബിയിൽ രാത്രി സജീവമായ 62 വേദികളുണ്ട്. ഇവിടെ ദുബൈയെക്കാൾ മലിനീകരണ തോത് 100ൽ 47 ശതമാനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദുബൈയിൽ രാത്രി കാഴ്ചകൾ പ്രത്യേകം ഉൾക്കൊള്ളിച്ചിട്ടുള്ള ടൂർ പാക്കേജുകൾതന്നെ നിരവധിയാണ്. കാരണം, പകൽ സമയങ്ങളിൽ ചൂട് കൂടുതലാണിവിടെ. രാത്രിയുള്ള മരുഭൂമികളിലെ സഫാരി ടൂറുകളും പല കമ്പനികളും ദുബൈയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.