ബാക്​ സീറ്റ്​ യാത്രക്കാർക്ക്​ സീറ്റ്​ബെൽറ്റിനോട്​ വിമുഖത?

ദുബൈ: പിൻസീറ്റിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സീറ്റ്​​ ബെൽറ്റ്​ ധരിക്കാൻ മടി കാണിക്കുന്നവരാണെന്ന്​ സർവേ ഫലം. ഇക്കഴിഞ്ഞ ജനുവരിയിൽ അൽ വത്​ബ ഇൻഷൂറൻസ്​ കമ്പനിയുമായി കൈകോർത്ത്​ റോഡ്​ സേഫ്​റ്റി യു.എ.ഇ നടത്തിയ സർവേയിലാണ്​ പിൻസീറ്റ്​ യാത്രക്കാരിൽ 75 ശതമാനം പേരും സീറ്റ്​ ബെൽറ്റ്​ ഉപയോഗിക്കാറില്ലെന്ന്​ വ്യക്​തമായത്​. 10,10 കാർ യാത്രക്കാരാണ്​ സർവേയിൽ പ​ങ്കെടുത്തത്​.

സർവേ അനുസരിച്ച്​ രാജ്യത്തെ കാർ യാത്രക്കാരിൽ നാലിൽ ഒന്ന്​ പേർ മാത്രമാണ്​ പിൻസീറ്റിൽ സീറ്റ് ബെൽറ്റ്​ ധരിക്കാറ്​. എങ്കിലും 2017നെ അപേക്ഷിച്ച്​ പിൻസീറ്റിലും സീറ്റ്​ ബെൽറ്റ്​ ധരിക്കുന്നത്​ സുരക്ഷയിൽ പ്രധാനമാണെന്ന്​ അവബോധം യാത്രക്കാരിൽ കൂടുതലായി കാണിക്കുന്നുണ്ട്​. ​പക്ഷെ, ലോകത്തിലെ മറ്റിടങ്ങളേക്കാൾ യു.എ.ഇയിൽ താരതമ്യേന കുറവാണ്​. 2017ൽ ആണ്​ യു.എ.ഇയിൽ പിൻസീറ്റ്​ യാത്രക്കാർക്കും സീറ്റ്​ ബെൽറ്റ്​ നിർബന്ധമാക്കിയത്​. മുൻ സീറ്റ്​ യാത്രക്കാരിൽ 86 ശതമാനം പേരും സീറ്റ്​ബെൽറ്റ്​ ധരിക്കണമെന്ന്​ അഭിപ്രായപ്പെടുന്നവരാണ്​. പിൻസീറ്റ്​ യാത്രക്കാരിൽ 24 ശതമാനം പേർക്ക്​ മാത്രമേ ഇക്കാര്യത്തിൽ അനുകൂല അഭിപ്രായമുള്ളൂവെന്നും സർവേ ഫലം വ്യക്​തമാക്കുന്നു.

കൃത്യമായി സീറ്റ്​ ബെൽറ്റ്​ ധരിക്കുന്നത്​ അപകടങ്ങളിൽ ഗുരുതരമായ പരിക്കേൽക്കുന്നത്​ ഒഴിവാക്കാൻ സഹായിക്കുമെന്ന്​ അൽ വത്​ബ ഇൻഷൂറൻസ്​ ചീഫ്​ ഫിനാൻഷ്യൽ ഓഫിസർ മുരളീ കൃഷ്ണൻ രാമൻ പറഞ്ഞു. അബൂദബി പൊലീസിന്‍റെ കണക്കുകൾ അനുസരിച്ച്​ എമിറേറ്റിലുണ്ടായ അപകട മരണങ്ങളിൽ 60 ശതമാനവും സീറ്റ്​ ബെൽറ്റ്​ കൃത്യമായി ധരിക്കാത്തതിന്‍റെ ഫലമാണത്രെ​. 120 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുമ്പോൾ സീറ്റ്​ ബെൽറ്റ്​ ധരിക്കാത്ത ഒരാൾക്ക്​ ഉണ്ടാകുന്ന ആഘാതം 15 നില കെട്ടിടത്തിൽ നിന്ന്​ വീഴുന്നതിന്​ തുല്യമാണ്​. ഇത്​ അതിജീവനം മിക്കവാറും അസാധ്യമാക്കുമെന്നാണ്​ പഠനം.

Tags:    
News Summary - Backseat passengers reluctant to wear seatbelts?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.