നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം മണിക്കൂറിൽ 230 കിലോമീറ്ററിലധികം വേഗത്തിൽ ഓടിച്ച കാർ പൊലീസ്​ പിടിച്ചെടുത്തപ്പോൾ

നമ്പർ പ്ലേറ്റ് മാറ്റി പറപറന്നത്​ 230 കി.മീ വേഗത്തിൽ; ഡ്രൈവറെ പിടികൂടി ദുബൈ പൊലീസ്

ദുബൈ: കാമറകളിൽ പെടാതിരിക്കാൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മനഃപൂർവം മാറ്റിയ ശേഷം മണിക്കൂറിൽ 230 കിലോമീറ്ററിലധികം വേഗത്തിൽ അശ്രദ്ധമായി വണ്ടിയോടിച്ച ഡ്രൈവറെ ദുബൈ പൊലീസ് പിടികൂടി. ഇയാളുടെ വാഹനം പിടിച്ചെടുത്തു. കർശന നിയമനടപടികൾക്ക് പുറമേ വാഹനം വിട്ടുകിട്ടാൻ പ്രതി 50,000 ദിർഹം പിഴയടക്കേണ്ടി വരും.

ദുബൈയുടെ വിവിധ ഭാഗങ്ങളിൽ അതിവേഗം ഉൾപ്പെടെയുള്ള ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ ചാര നിറത്തിലുള്ള നിസ്സാൻ പെട്രോൾ വാഹനം അത്യാധുനിക ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളാണ് കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് മാറ്റിയാൽ പൊലീസിന് തന്നെ കണ്ടെത്താനാകില്ലെന്ന തെറ്റായ ധാരണയിലായിരുന്നു ഇയാളുടെ നിയമലംഘനങ്ങൾ. ആ കണക്കുകൂട്ടലിലാണ്​ മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിൽ വാഹനം പറപറപ്പിച്ചത്​.

എന്നാൽ, നമ്പർ പ്ലേറ്റ് ഇല്ലായിരുന്നിട്ടും ദുബൈ പൊലീസിന്റെ എ.ഐ സാങ്കേതികവിദ്യകളുടെ പിന്തുണയോടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും വിദഗ്ധരായ ഫീൽഡ് ടീമും ചേർന്ന് വാഹനം വിജയകരമായി ട്രാക്ക് ചെയ്യുകയും ഡ്രൈവറെ തിരിച്ചറിയുകയുമായിരുന്നു. സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളിൽനിന്ന് രക്ഷപ്പെടാൻ നമ്പർ പ്ലേറ്റുകൾ മാറ്റുകയോ അതിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും, അത്തരം തന്ത്രങ്ങൾ ഉപയോഗിച്ചാലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിയുമെന്നും ജനറൽ ഡിപാർട്​മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ വ്യക്തമാക്കി.

അമിതവേഗമാണ് റോഡപകടങ്ങളുടെ പ്രധാന കാരണമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ ഓർമിപ്പിച്ചു. ഇത്തരം അശ്രദ്ധമായ ഡ്രൈവിങ്​ വാഹനം ഓടിക്കുന്നയാളുടെ മാത്രമല്ല, റോഡിലുള്ള മറ്റ് നിരപരാധികളായ യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്നു. അമിതവേഗത യാത്രയുടെ സമയം കുറക്കുന്നില്ലെന്നും, മറിച്ച് ലക്ഷ്യസ്ഥാനത്ത് ഒരിക്കലും എത്താതിരിക്കാനുള്ള സാധ്യത കൂട്ടുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനം പിടിച്ചെടുത്ത ദുബൈ പൊലീസ്, നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച ദുബൈയിലെ 2023ലെ ഡിക്രി നമ്പർ 30-ലെ വ്യവസ്ഥകൾ പ്രകാരം, ഇത്തരം ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ 50,000 ദിർഹം വരെ പിഴ ഒടുക്കേണ്ടി വരും. തുടർ നിയമനടപടികൾക്കായി ഡ്രൈവറെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. എല്ലാ ഡ്രൈവർമാരും വേഗ പരിധി പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി അനുസരിക്കണമെന്നും ദുബൈ പൊലീസ് അഭ്യർഥിച്ചു.

Tags:    
News Summary - Dubai Police arrest driver who changed number plate and sped away at 230 kmph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.