ഷാർജയിൽ കുഞ്ഞ് മരിച്ച സംഭവം; പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം

ഷാർജ: കെട്ടിടത്തിന്‍റെ ഗോവണിപ്പടിക്കരികെയുള്ള ജനാലയിലൂടെ വീണ് പാകിസ്താൻ സ്വദേശിയായ കുഞ്ഞ്​ മരിച്ച സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു. കേസിൽ അന്വേഷണം തുടരുന്നതിനാൽ പെൺകുട്ടികൾ നിലവിൽ ശിശുസംരക്ഷണ വകുപ്പിന്‍റെ സംരക്ഷണയിലാണെന്ന്​ ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട്​ ചെയ്തു.

രണ്ടു വയസ്സുകാരനായ മുഹമ്മദ് അർഷ്മാൻ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ഗോവണിപ്പടിയിലെ ജനലിലൂടെ താഴേക്ക് വീണ്​ മരണപ്പെട്ടതിന്​ ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. അർഷ്മാനും കുടുംബവും താമസിക്കുന്ന പാർപ്പിട സമുച്ചയത്തിലെ അയൽവാസികളായ, 10 വയസുള്ള രണ്ട് പെൺകുട്ടികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലയാളി, തമിഴ്​ കുടുംബങ്ങളിൽനിന്നുള്ളവരാണ്​ ഈ പെൺകുട്ടികൾ. മലയാളി കുടുംബം കണ്ണൂർ ജില്ലയിൽനിന്നുള്ളവരാണ്​.

അന്വേഷണത്തിന്‍റെ ഭാഗമായാണ്​ ഇരു പെൺകുട്ടികളുടെയും മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്​. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പ്രവൃത്തികൾക്ക് മാതാപിതാക്കൾക്കാണ് ഉത്തരവാദിത്തമെന്ന യു.എ.ഇ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് അവരെ കസ്റ്റഡിയിലെടുത്തതെന്ന് കുടുംബങ്ങൾക്ക് നിയമോപദേശം നൽകിയ അഡ്വ. പ്രീത ശ്രീറാം മാധവ് പറഞ്ഞു.

കുട്ടികളിലൊരാളുടെ പിതാവ് തിങ്കളാഴ്ച രാത്രി കെട്ടിടത്തിൽ വന്നിരുന്നതായും ആ കുടുംബം താൽക്കാലികമായി താമസം മാറിയതായും താമസക്കാർ പറഞ്ഞു. രണ്ടാമത്തെ കുടുംബം ഇതുവരെ മടങ്ങിവന്നിട്ടില്ല. അവർക്ക്​ പെൺകുട്ടിയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്​. ഈ ആൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തിരുന്നില്ലെന്ന് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മാതാപിതാക്കൾ അന്വേഷണത്തിലായിരുന്ന സമയത്ത് കുട്ടിയെ മുത്തശ്ശിയും അമ്മാവനുമാണ് നോക്കിയിരുന്നത്.

കെട്ടിടത്തിൽ ഇപ്പോഴും ശോകമൂകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് താമസക്കാർ പറഞ്ഞു. സംഭവിച്ച കാര്യങ്ങൾ വിശ്വസിക്കാൻ പലർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ഈ ദുരന്തം കുഞ്ഞിന്‍റെ കുടുംബത്തെ മാത്രമല്ല, പെൺകുട്ടികളുടെ കുടുംബങ്ങളെയും മറ്റു താമസക്കാരെയും മാനസികമായി തളർത്തിയിട്ടുണ്ട്. മരിച്ച കുഞ്ഞിന്‍റെ മാതാപിതാക്കളും, ആ പെൺകുട്ടികളും അവരുടെ കുടുംബങ്ങളുമടക്കം ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും വലിയ മാനസിക ആഘാതത്തിലാണെന്ന്​ ഒരു താമസക്കാരൻ ‘ഗൾഫ്​ ന്യൂസി’നോട്​ പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന്​ ഓർമിപ്പിക്കുന്നതാണ് ഈ ദുരന്തമെന്ന് അഡ്വ. പ്രീത ചൂണ്ടിക്കാട്ടി.

Tags:    
News Summary - Baby's death in Sharjah; Parents of girls granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.