ദുബൈ: ഊദ് മേത്തയിലെ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിലെ സദസ്സിനുമുന്നിൽ അതിജീവനത്തിന്റെ വേറിട്ട കലാവിസ്മയം തീർത്ത് ശ്രദ്ധനേടി മജീഷ്യൻ ഗോപിനാഥ് മുതുകാടും ഭിന്നശേഷി കുട്ടികളും. മുതുകാടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ് കലാപ്രകടനങ്ങൾ അവതരിപ്പിച്ചത്. ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ(ഐ.പി.എ) സംഘടിപ്പിച്ച ‘എംപവറിങ് വിത്ത് മാജിക്കൽ ലവ്’ എന്ന പരിപാടിയിലാണ് കുട്ടികൾ വേറിട്ട കലാപ്രകടനം നടത്തിയത്. 18 കുരുന്നുകളും അവരുടെ അമ്മമാരും സഹായികളും അടക്കം 35 പേർ നാട്ടിൽ നിന്നെത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
മൂന്നു മണിക്കൂർ നീണ്ട കുരുന്നുകളുടെ കലാവിരുന്നിൽ മാജിക് ഷോ, നൃത്തം, സംഗീതം, ഫിഗർ ഷോ, ശിങ്കാരിമേളം തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. യു.എ.ഇ ശാരീരിക പരിമിതിയുള്ളവരുടെ ഉന്നമനത്തിനുവേണ്ടി വിഭാവനം ചെയ്ത ആശയങ്ങളെ താൻ പിന്തുടരുമെന്ന് ചടങ്ങിൽ ഗോപിനാഥ് മുതുകാട് വേദിയിൽ പറഞ്ഞു. ഐ.പി.എ ചെയർമാൻ വി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മലബാർ ഗ്രൂപ് വൈസ് ചെയർമാനും ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ കെ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
ഫൗണ്ടർ എ.കെ. ഫൈസൽ, വൈസ് ചെയർമാൻ തങ്കച്ചൻ മണ്ഡപത്തിൽ, മുനീർ അൽ വഫ, റഫീഖ് അൽ മായാർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹ്മാൻ മുഹമ്മദ് അലി, സഈദ് ഖാനം അൽ സുവൈദി, താവീദ് അബ്ദുല്ല, പി.ബി. അബ്ദുൽ ജബ്ബാർ ഹോട്ട്പാക്ക്, ഡോ. ഹുസൈൻ, അഡ്വ. ഷറഫുദ്ദീൻ, ജയഫർ, ഉമറുൽ ഫാറൂഖ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.