ഷാർജ: ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം അവാർഡിന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അപേക്ഷ ക്ഷണിച്ചു. സാഹിത്യ, അക്കാദമിക് കൃതികളിലൂടെ അറബ്, അന്താരാഷ്ട്ര സാംസ്കാരിക രംഗത്തിന് സംഭാവന നൽകിയ എഴുത്തുകാരെയും പ്രസാധകരെയുമാണ് അവാർഡിലൂടെ അംഗീകരിക്കുക. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസരിച്ച്, അറിവും സർഗാത്മകതയും വളർത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് അവാർഡുകൾ നൽകിവരുന്നത്.
നാല് പ്രധാന വിഭാഗങ്ങളായാണ് അവാർഡുകൾ നൽകിവരുന്നത്. ഇമാറാത്തി പുസ്തകത്തിനുള്ള ഷാർജ അവാർഡ്, മികച്ച അറബി നോവലിനുള്ള ഷാർജ അവാർഡ്, മികച്ച അന്താരാഷ്ട്ര പുസ്തകത്തിനുള്ള ഷാർജ അവാർഡ്, ഷാർജ പ്രസാധക അംഗീകാര പുരസ്കാരം എന്നിവയാണിത്. ആകെ 6,25,000 ദിർഹമിന്റെ സമ്മാനത്തുകയാണുള്ളത്. സെപ്റ്റംബർ 15വരെയാണ് അപേക്ഷ സ്വീകരിക്കുക.
പ്രാദേശിക സാഹിത്യ, അക്കാദമിക് മികവിനെ ആഘോഷിക്കുന്ന ഷാർജ അവാർഡ് ഫോർ ഇമാറാത്തി ബുക്‌സിൽ ആകെ 3 ലക്ഷം ദിർഹം മൂല്യമുള്ള നാല് ഉപവിഭാഗങ്ങളുണ്ട്. മികച്ച ഇമാറാത്തി നോവലിനും മികച്ച ഇമാറാത്തി അക്കാദമിക് പുസ്തകത്തിനും ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിക്കും. മികച്ച ഇമാറാത്തി ക്രിയേറ്റീവ് സാഹിത്യ പുസ്തകം (നാടക പാഠങ്ങൾ), മികച്ച ഇമാറാത്തി നോവൽ എന്നിവക്ക് 50,000 ദിർഹം വീതം സമ്മാനമായി നൽകും.
അറബി ഫിക്ഷനിലെ മികവിനെ ആദരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഷാർജയിലെ മികച്ച അറബി നോവലിനുള്ള അവാർഡിന് രചയിതാവിനും പ്രസാധകനുമായി 1.5 ലക്ഷം ദിർഹമാണ് സമ്മാനം. മികച്ച അന്താരാഷ്ട്ര പുസ്തകത്തിനുള്ള ഷാർജ അവാർഡ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കാണ് ലഭിക്കുക. ബെസ്റ്റ് ഇൻറർനാഷണൽ ഫിക്ഷൻ ബുക്ക്, ബെസ്റ്റ് ഇൻറർനാഷണൽ നോൺ ഫിക്ഷൻ ബുക്ക് എന്നിവയിലായി 50,000 ദിർഹം വീതം അവാർഡ് തുക ലഭിക്കും. പ്രസാധകർക്കുള്ള പുരസ്കാരങ്ങൾ മികച്ച പ്രാദേശിക പ്രസാധകർ, മികച്ച അറബ് പ്രസാധകർ, മികച്ച അന്താരാഷ്ട്ര പ്രസാധകർ എന്നീ വിഭാഗങ്ങളിൽ 25,000 ദിർഹം വീതമാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.