ബി​ബി ചെ​റി​യാ​ൻ; ആഫ്രിക്കയിലെ മസൈമരയിൽ നിന്ന്​ ബിബി ചെറിയാൻ പകർത്തിയ ചിത്രം 

ഫോട്ടോഗ്രഫിയെ പ്രണയിച്ച മാലാഖ

ദുബൈ: ഏതു ദുരിതകാലത്തും മുഖത്ത് ചിരിയുമായി കർമഭൂമിയിലേക്കിറങ്ങുന്നവരാണ് നഴ്സുമാർ. മാലാഖമാർ എന്ന് ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും അവരുടെ ഉള്ളിലെ മാനസിക സംഘർഷങ്ങളൊന്നും ആരും കാണാറില്ല. മഹാമാരി സൃഷ്ടിച്ച പിരിമുറുക്കത്തി നിന്ന് മോചനം നേടാൻ കാമറയുമായി ഇറങ്ങി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി മാറിയ ഒരു നഴ്സുണ്ട് ദുബൈയിൽ. പത്തനംതിട്ട ചെങ്ങന്നൂർ സ്വദേശി ബിബി ചെറിയാൻ. ഭർത്താവി‍െൻറ കാമറ പൊടിതട്ടിയെടുത്ത് തുടങ്ങിയ ഫോട്ടോഗ്രഫി പ്രണയം ആഫ്രിക്കൻ വനാന്തരങ്ങളിലെ മൃഗങ്ങളെ ഒപ്പിയെടുക്കുന്നതിലേക്ക് വരെയെത്തിയതാണ് ബിബിയുടെ ഫോട്ടോഗ്രഫി ചരിത്രം.

ബിബിയിലെ ഫോട്ടോഗ്രാഫറെ കണ്ടെത്തിയത് കോവിഡ് ആണെന്ന് പറയേണ്ടി വരും. മഹാമാരി കൊടുമ്പിരികൊണ്ട കാലത്ത് മുൻനിരപ്പോരാളിയായി കർമഭൂമിയിലേക്കിറങ്ങിയ അനേകായിരം നഴ്സുമാരിൽ ഒരാളാണ് ബിബി. ഈ ദിനങ്ങളെകുറിച്ച് ബിബി പറയുന്നത് ഇങ്ങനെ-'ആദ്യ ദിനങ്ങളിൽ കനത്ത ആശങ്കയായിരുന്നു. പോകണോ വേണ്ടയോ എന്നു പോലും ആലോചിച്ചു പോയ നാളുകൾ. സഹപ്രവർത്തകരിൽ പലരും ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ, അവർക്കെല്ലാം ആത്മവിശ്വാസം പകർന്ന് ഒരുമിച്ച് ഇറങ്ങുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും സമാധാനമുണ്ടാവില്ല. ഒരിടത്തും മനഃസമാധാനത്തോടെ തൊടാൻ കഴിയില്ല. വാട്ടർ ടാപ്പിൽ തൊട്ടാൽപോലും അത് കഴുകണം. വീട്ടിലെത്തിയാൽ ഉടൻ കുളിക്കണം. മക്കളുടെയും പ്രായമായവരുടെയും സുരക്ഷ നോക്കണം.

രണ്ടാഴ്ചയോളം ഹോട്ടലിൽ ഒറ്റക്ക് താമസിക്കേണ്ടി വന്നു. വീട്ടിലേക്ക് തിരിച്ചുവരാനും മരിക്കുവാണെങ്കിൽ ഒരുമിച്ച് മരിക്കാമെന്നുമായിരുന്നു വീട്ടുകാർ പറഞ്ഞത്. ഈ മാനസിക പിരിമുറുക്കം എന്നെ വീണ്ടും ബാധിച്ച് തുടങ്ങി. മനസ്സിലെ പോസിറ്റിവ് എനർജി ചോർന്നുപോകുന്നതുപോലെ തോന്നി. ഇതിൽ നിന്ന് രക്ഷതേടിയാണ് കാമറ കൈയിലെടുത്തത്'. പ്രകൃതിയോടുള്ള ഇഷ്ടമാണ് ബിബിയെ ഫോട്ടോഗ്രഫിയിലേക്ക് ആകർഷിച്ച മറ്റൊരു ഘടകം. ദുബൈയിൽ ബിസിനസുകാരനായ ഭർത്താവ് ബിജു ജോർജാണ് ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. കോവിഡി‍െൻറ സമയം ഓൺലൈനായി മൂന്ന് മാസം ഫോട്ടോഗ്രഫി കോഴ്സ് ചെയ്തു. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോടുള്ള താൽപര്യം പറഞ്ഞപ്പോൾ പുതിയൊരു ലെൻസും വാങ്ങി നൽകി ഭർത്താവ്. പകർത്തുന്ന ഫോട്ടോകൾക്ക് ഇൻസ്റ്റഗ്രാമിൽ (bbsframes) ലഭിക്കുന്ന ലൈക്കും പ്രോൽസാഹനങ്ങളുമായിരുന്നു മാനസികോല്ലാസം പകർന്നത്.

ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിൽ കഴിഞ്ഞയാഴ്ച ആഫ്രിക്കയിലെ മസൈമരയിലെത്തി. വൈൽഡ് ടെയ്ൽസ് ദുബൈ എന്ന ഗ്രൂപ്പിനൊപ്പമായിരുന്നു ആഫ്രിക്കൻ സഫാരി. ഫൈവ് സ്റ്റാർ റസ്റ്റാറന്‍റിനേക്കാൾ ഹൃദ്യമായിരുന്നു അവിടെയുള്ള ഗോത്രവർഗക്കാരുടെ സൽക്കാരമെന്ന് ബിബി പറയുന്നു. മാനസിക ഉന്മേഷം ലഭിക്കാൻ ഈ സ്വീകരണം മാത്രം മതിയെന്നാണ് ബിബിയുടെ അഭിപ്രായം. എല്ലാ ആഴ്ചയിലും അൽ ഖുദ്രയിൽ ചിത്രം പകർത്താൻ പോകാറുണ്ട്. ഫോട്ടോഗ്രഫിയെ കുറിച്ചും എടുത്ത ചിത്രങ്ങളെ കുറിച്ചും താൽപര്യത്തോടെ ചോദിച്ചറിയുന്ന അഛനും അമ്മയും സഹോദരൻമാരും അവരുടെ ഭാര്യമാരുമെല്ലാമാണ് ത‍െൻറ പ്രചോദനമെന്ന് ബിബി പറയുന്നു. ഭർത്താവിനൊപ്പമുള്ള ചിത്ര രചനയാണ് മറ്റൊരു ഹോബി. ചിത്രങ്ങൾ വരച്ച് വിൽക്കുന്നതിനെ കുറിച്ചും ഇവർ ആലോചിക്കുന്നു. ദുബൈ ഹെൽത്ത് അതോറിറ്റിയിലെ നഴ്സായ ബിബി 12ാംക്ലാസുകാരൻ ഇമ്മാനുവലിനും 11ാം ക്ലാസുകാരി ജെന്നക്കുമൊപ്പം ദുബൈയിലാണ് താമസം.

Tags:    
News Summary - Angel who loved photography; Today is World Nurses Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.