ദുബൈ വേൾഡ് കപ്പിൽ കിരീടത്തിലേക്ക് കുതിക്കുന്ന അമേരിക്കയുടെ കോൾട്ട് മാഗ്നിറ്റ്യൂഡ്
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ദുബൈ വേൾഡ് കപ്പ് കുതിരയോട്ട മത്സരത്തിൽ അമേരിക്കൻ കുതിരയായ മാഗ്നിറ്റ്യൂഡിന് കിരീടം. 12 ദശലക്ഷം ഡോളറാണ് ദുബൈ വേൾഡ് കപ്പ് മത്സരത്തിന്‍റെ സമ്മാനത്തുക. ജോസ് ഓർട്ടിസാണ് കപ്പ് സ്വന്തമാക്കിയ കുതിരയെ നയിച്ചത്. ദുബൈ മെയ്ദാൻ റേസ് കോഴ്സിൽ ജപ്പാന്‍റെ ഫോർഎവർ യങിനെ പിന്തള്ളിയായിരുന്നു മാഗ്നിറ്റ്യൂഡിന്‍റെ കുതിപ്പ്. അയർലണ്ടിന്‍റെ മെയ്ദാൻ, ഇംപീരിയർ എംപറർ, യു.എസിന്‍റെ ഹിറ്റ് ഷോ എന്നിവരാണ് യഥാക്രമം മൂന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ നേടിയത്. കോടികൾ സമ്മാനം നൽകുന്ന ഒമ്പത് മൽസരങ്ങളാണ് ശനിയാഴ്ച നടന്നത്.
30ാമത് ദുബൈ വേൾഡ് കപ്പിൽ മത്സരരംഗത്തുണ്ടായിരുന്നത് ലോകത്തിലെ ഏറ്റവും വേഗമേറിയ 30 കുതിരകളായിരുന്നു. മൂന്ന് കോടി ഡോളർ ആണ് ആകെ സമ്മാനത്തുക. എമിറേറ്റ്സ് എയർലൈൻസ് സ്പോർൺസർ ചെയ്യുന്ന 12 ദശലക്ഷം ഡോളർ സമ്മാനത്തുകയുള്ള ദുബൈ വേൾഡ് കപ്പാണ് ശനിയാഴ്ച അരങ്ങേറിയത്. അൽ തായർ മോട്ടോഴ്സ് സ്പോൺസർ ചെയ്ത 10 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഗ്രൂപ്പ് 2 ദുബൈ ഗോൾഡ് കപ്പിൽ സൈമൺ ആൻഡ് എഡ് ക്രിസ്ഫോർഡിന്റെ പെൺകുതിരയായ ഫെയറി ഗ്ലെൻ കിരീടം നിലനിർത്തി. കാബല്ലോ ഡി മാർ ആണ് മത്സരത്തിൽ രണ്ടാമത്.
12 ലേറെ ലോക രാജ്യങ്ങള്‍ പങ്കെടുത്ത കുതിരപ്പന്തയം 170 രാജ്യങ്ങളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് കുതിരപ്രേമികളാണ് പന്തയം കാണാൻ ദുബൈയിലെത്തിയിരുന്നത്. ഒട്ടേറെ ഗിന്നസ് വേള്‍ഡ് റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള വേള്‍ഡ് കപ്പിന്‍റെ സമാപനചടങ്ങില്‍ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ ഡ്രോൺ ഷോ ഉണ്ടായിരുന്നില്ല. കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു ദുബൈ വേൾഡ് കപ്പിന്‍റെ സമപാനം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൾപ്പെടെയുള്ളവർ സമ്മാനവിതരണ ചടങ്ങിന് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.