ഗുറൈഫ ഗ്രാമം
ഷാർജ: എമിറേറ്റിലെ അൽ മദാം മരുഭൂമിയിൽ മണൽ മൂടിക്കിടക്കുന്ന ഗ്രാമപ്രദേശം വീണ്ടെടുക്കുന്നു. യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് അതിശയകരമായ പ്രദേശം സംരക്ഷിക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്. വിനോദസഞ്ചാരികൾക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ പുനഃസ്ഥാപിക്കാനാണ് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശൈഖ് സുൽത്താന്റെ റേഡിയോ സംവാദ പരിപാടിയായ ‘ഡയറക്ട് ലൈൻ’ പരിപാടിയിലാണ് നിർദേശം നൽകിയത്.
പതിറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച ഗുറൈഫ എന്ന ഗ്രാമമാണ് കെട്ടിടങ്ങളിൽ മണൽമൂടി ഒറ്റപ്പെട്ട നിലയിലായത്. വ്യത്യസ്തമായ കാഴ്ചാനുഭവമെന്ന നിലയിൽ വിനോദസഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും ആകർഷിക്കുന്ന പ്രദേശമാണിത്. നവീകരണ പദ്ധതി എപ്പോൾ ആരംഭിക്കുമെന്നത് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അൽ മദാം പ്രദേശത്തുനിന്ന് രണ്ട് കി.മീറ്റർ തെക്കുപടിഞ്ഞാറ് മാറിയാണ് ഗ്രാമം സ്ഥിതിചെയ്യുന്നത്. രണ്ട് നിരകളിലായി ഒരേ രീതിയിലുള്ള വീടുകളും റോഡിന് അവസാനത്തിൽ ഒരു പള്ളിയുമാണ് ഇവിടെയുള്ളത്. വ്യത്യസ്ത കാഴ്ചാനുഭവമായതിനാലാണ് ഇവിടേക്ക് സഞ്ചാരികൾ വന്നുതുടങ്ങിയത്. നിരവധി അഭ്യൂഹങ്ങൾ പ്രദേശത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ടെങ്കിലും കൊടും വേനൽക്കാലങ്ങളിൽപോലും ഇവിടേക്ക് സന്ദർശകർ എത്തിച്ചേരാറുണ്ട്. 1970കളിൽ നിർമാണം ആരംഭിച്ച പ്രദേശത്ത് പിന്നീടുള്ള രണ്ടുപതിറ്റാണ്ടുകാലം താമസക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു. കനത്ത മണൽ കാറ്റിൽ വീടുകളിൽ മണ്ണ് കയറിത്തുടങ്ങിയതോടെ 1999ൽ താമസക്കാർക്കെല്ലാം സർക്കാർ പുതിയ വീടുകൾ അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.