ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ നാലുമുതൽ; 124 രാജ്യങ്ങളിൽനിന്നായി 2,673 പ്രസാധകർ, 1,500ലധികം പരിപാടികൾ

ഷാർജ: ലോകമെമ്പാടുമുള്ള വായനക്കാരും എഴുത്തുകാരും പ്രസാധകരും ആവേശപൂർവം ഒരുമിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം (എസ്.ഐ.ബി.എഫ് 2026) നവംബർ നാലുമുതൽ 15 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കും. ‘മേഡ് ഓഫ് സ്റ്റോറീസ്’ (കഥകളാൽ നിർമിതം) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന 45-ാമത് പുസ്തക മേളയിൽ 124 രാജ്യങ്ങളിൽ നിന്നായി 2,673 പബ്ലിഷർമാരും എക്സിബിറ്റർമാരും പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്​.ബി.എ) അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

12 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 106 പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കും. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ മേളയിലെ പ്രമുഖ രാജ്യാന്തര അതിഥികളിലൊരാളായി പങ്കെടുക്കും. സാംസ്കാരികവും കലാപരവുമായ 1,500ലധികം വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.

യു.എ.ഇയില്‍ നിന്നുള്ള ഡോ. സുല്‍ത്താന്‍ അല്‍ അമീരി, അലി അബു അല്‍ റീശ്​, ഡോ. ഹബീബ് ഗലൂം, അമേരിക്കന്‍ എഴുത്തുകാരി ഡെയ്‌സി റോക്ക്വെല്‍, ഈജിപ്ഷ്യന്‍ നടന്‍ ഖാലിദ് അല്‍ സാവി, ചൈനീസ് എഴുത്തുകാരന്‍ ലിയു ഷെന്‍യുന്‍, നൈജീരിയന്‍ എഴുത്തുകാരി നേദി ഒകോറഫോര്‍ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ മേളയില്‍ പ​​ങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യ പ്രതിഭകൾക്കൊപ്പം കേരളത്തിൽനിന്നുള്ള പ്രമുഖരും ഇത്തവണ പുസ്തകോത്സവത്തിൽ പങ്കാളികളാകും.

ഇതുകൂടാതെ പ്രശസ്ത എഴുത്തുകാർ, ചിന്തകർ, സിനിമാ-സാംസ്കാരിക പ്രവർത്തകർ എന്നിവരും വിജ്ഞാനപ്രദമായ ചർച്ചകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കായി പ്രത്യേക പഠന വിനോദ മേഖലയായ ‘ഫ്യൂച്ചർ ഹാൻഡ്സ് ഡിസ്ട്രിക്റ്റ്’, സന്ദർശകരുടെ അനുഭവങ്ങളെ കവിതകളാക്കി മാറ്റുന്ന ‘പോയറ്റ്സ് കോർണർ’ എന്നിവ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്. കുറ്റാന്വേഷണ സാഹിത്യ ശാഖക്ക്​ പ്രാധാന്യം നൽകുന്ന ‘ത്രില്ലർ ഫെസ്റ്റ്’ (നവംബർ 7-10), അന്താരാഷ്ട്ര ഷെഫുമാർ അണിനിരക്കുന്ന ‘കുക്കറി കോർണർ’ എന്നിവയും തത്സമയ നാടക അവതരണങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ഒമാനാണ് ഇത്തവണത്തെ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അതിഥി രാജ്യം. ഒമാന്‍റെ സാഹിത്യം, പൈതൃകം, സംസ്കാരം എന്നിവ വിളിച്ചോതുന്ന 15 സാംസ്കാരിക സെഷനുകളും 20 കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും.

പുസ്തകോത്സവത്തിന് മുന്നോടിയായി പ്രസാധകർക്കായുള്ള പ്രൊഫഷനൽ പ്രോഗ്രാമുകൾക്ക്​ ഒക്ടോബർ 31 മുതൽ തുടക്കമാകും. ന്യൂയോർക്ക് ക്നിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പബ്ലിഷേഴ്സ് ട്രെയിനിങ്​ പ്രോഗ്രാമിൽ 200-ലധികം പ്രസാധകർ പങ്കെടുക്കും.

തുടർന്ന് നവംബർ ഒന്നുമുതൽ മൂന്നുവരെ നടക്കുന്ന 16-ാമത് ഷാർജ പബ്ലിഷേഴ്സ് കോൺഫറൻസിൽ ഒമ്പത് പുതിയ രാജ്യങ്ങൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്രസാധകർ പങ്കെടുത്ത് നിർമിത ബുദ്ധി (എ.ഐ), ഓഡിയോ ബുക്കുകൾ, വിവർത്തന അവകാശങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യും. നവംബർ ഏഴുമുതൽ ഒമ്പതുവരെ നടക്കുന്ന ഷാർജ ഇന്‍റർനാഷനൽ ലൈബ്രറി കോൺഫറൻസിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400-ലധികം ലൈബ്രേറിയൻമാരും വിവരസാങ്കേതിക വിദഗ്ധരും പങ്കെടുക്കും.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക കാഴ്ചപ്പാടാണ് പുസ്തകോത്സവത്തിന്‍റെ വിജയത്തിന് പിന്നിലെന്ന് എസ്.ബി.എ സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു. പ്രസാധകർക്കും വായനക്കാർക്കും മികച്ച സൗകര്യങ്ങളും വേദിയിലേക്കുള്ള യാത്രാ സംവിധാനങ്ങളും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് ഉറപ്പാക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

 

ഔദ്യോഗിക അതിഥിയായി വി.ഡി. സതീശന്‍

ഷാര്‍ജ: ലോകത്തിനൊപ്പം കേരളത്തിലെ വായാസമൂഹത്തിനും പ്രിയപ്പെട്ട ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഔദ്യോഗിക അതിഥിയായി മുഖ്യമന്ത്രി വി.ഡി. സതീശനെത്തും. അടുത്തമാസം നാല് മുതല്‍ 15 വരെ നടക്കുന്ന പുസ്തകമേളയില്‍ മുഖ്യമന്ത്രി ഏതുദിവസമാണ്​ പ​ങ്കെടുക്കു​കയെന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖരായ എഴുത്തുകാരും ചിന്തകരുമടങ്ങുന്ന അതിഥികള്‍ക്കൊപ്പം മികച്ച വായനക്കാരൻ കൂടിയായ വി.ഡി. സതീശനും എത്തുന്നുവെന്നത്​ ചൊവ്വാഴ്​ച ഷാർജ ബുക്ക്​ അതോറിറ്റി ആസ്ഥാനത്ത്​ നടന്ന വാർത്താസമ്മേളനത്തിലാണ്​ അധികൃതർ പ്രഖ്യാപിച്ചത്​. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്നുള്ള മുഖ്യമന്ത്രി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അതിഥിയാകുന്നത്.

Tags:    
News Summary - Sharjah Book Fair From Nov 4; VD Satheesan As Guest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.