അബൂദബി: കോവിഡ് മഹാമാരിയില്‍ നിന്ന് ലോകം സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍, അബൂദബിയില്‍ നിന്നുള്ള യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി വിമാനക്കമ്പനികൾ. അബൂദബി വിമാനത്താവളത്തിന്‍റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കണ്ണൂരിലേക്ക് ഗോ എയര്‍ സര്‍വിസ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം, അബൂദബിയില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വിസ് ആരംഭിക്കുമെന്ന് എയര്‍ അറേബ്യ അബൂദബി ഇന്നലെ അറിയിച്ചു. ഗോ എയര്‍ മുംബൈ, കണ്ണൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ദിവസവും സര്‍വിസ് നടത്തുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യ അന്താരാഷ്ട്ര സര്‍വിസുകള്‍ പുനരാരംഭിച്ചതിനുശേഷം, എമിറേറ്റ്‌സ് എയര്‍ലൈനാണ് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 170 വിമാനങ്ങള്‍ സര്‍വിസ് നടത്താനാണ് തീരുമാനിച്ചത്.
ദുബൈ-മുംബൈ റൂട്ടില്‍ എമിറേറ്റ്സ് പ്രതിദിന എ-380 സര്‍വിസും തിരികെ കൊണ്ടുവന്നിട്ടുണ്ട്. അബൂദബി വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസും സര്‍വിസുകള്‍ നടത്തുന്നുണ്ട്. ഏപ്രില്‍ 27 മുതലാണ് എയര്‍ അറേബ്യ അബൂദബി സര്‍വിസ് ആരംഭിക്കുക. നഗരത്തിലെ സമ്പന്നമായ പൈതൃകം കാണാന്‍ പുതിയ സര്‍വിസ് സഞ്ചാരികളെ പ്രാപ്തമാക്കുമെന്ന് എയര്‍ അറേബ്യ സി.ഇ.ഒ ആദില്‍ അല്‍ അലി പറഞ്ഞു. യാത്രികര്‍ക്ക് താങ്ങാവുന്ന സര്‍വിസ് പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം കൂടി പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ എയര്‍ അറേബ്യ അബൂദബിയിൽ നിന്ന് ഇന്ത്യയിലേക്ക് സര്‍വിസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, ജയ്പുര്‍ എന്നിവയാണ് സര്‍വിസ് നടന്നുവരുന്ന മറ്റു നഗരങ്ങള്‍.
2020 ജൂലൈയില്‍ അബൂദബിയില്‍നിന്ന് സര്‍വിസ് ആരംഭിച്ച എയര്‍ അറേബ്യയുടെ പത്തൊമ്പതാമത്തെ റൂട്ടാണ് ചെന്നൈ. കോവിഡിനുമുമ്പ്, ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍ റൂട്ടുകളില്‍ ഒന്നാണ് ഇന്ത്യ-യു.എ.ഇ. ഇന്ത്യയുടെ അന്താരാഷ്ട്ര ട്രാഫിക്കിന്‍റെ വലിയൊരു ഭാഗം പ്രതിനിധാനംചെയ്യുന്നത് ദുബൈ ആയിരുന്നു. ഡെല്‍റ്റ വകഭേദം മൂലമുണ്ടായ ഇന്ത്യയിലെ രണ്ടാം തരംഗം, രാജ്യത്തുനിന്നുള്ള വിമാനങ്ങള്‍ക്ക് മാസങ്ങള്‍ നീണ്ട നിരോധനം ഏര്‍പ്പെടുത്താന്‍ യു.എ.ഇയെയും നിരവധി രാജ്യങ്ങളെയും പ്രേരിപ്പിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.