ഷാർജ: ആഗോള തലത്തിൽ 50 നഗരങ്ങളിലേക്ക് പരിമിതമായ സർവിസ് പുനരാരംഭിച്ച് എയർ അറേബ്യ. പശ്ചിമേഷ്യ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് പരിമിതമായ സർവിസ്. ഇന്ത്യൻ നഗരങ്ങളായ കൊച്ചി, അഹമ്മദാബാദ്, ചെന്നെ, ഡൽഹി, മുംബൈ എന്നിവയും ഇതിൽ ഉൾപ്പെടും.
ഇത് കൂടാതെ ഇത്യോപ്യയിലെ ആഡിസ് അബാബ, ഗ്രീസിലെ ഏതൻസ്, ഇറാഖ്, ജോർഡൻ, കെനിയ, നേപ്പാൾ തലസ്ഥാനമായ കാഡ്മണ്ഡു, ഒമാനിലെ സലാല, പാകിസ്താനിലെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, റിയാദ്, ജിദ്ദ, ദമ്മാം, കൊളമ്പോ, ദമസ്കസ്, ബാങ്കോക്, ഇസ്തംബൂൾ, ത്രാബ്സോൺ എന്നിവിടങ്ങളിലേക്കും യു.എ.ഇയിൽ നിന്നും തിരിച്ചും സർവിസ് ഉണ്ടാകുമെന്ന് എയർ അറേബ്യ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്ന് ലഭ്യമാകുന്ന അംഗീകാരങ്ങൾക്ക് അനുസരിച്ച് സർവിസ് ഷെഡ്യൂളുകളിൽ മാറ്റം വരുമെന്നും യാത്രക്ക് പുറപ്പെടും മുമ്പ് ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്നും യാത്രക്കാരോട് എയർ അറേബ്യ അധികൃതർ അഭ്യർഥിച്ചു.
ടിക്കറ്റുകൾ എയർ അറേബ്യയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ബുക്ക് ചെയ്യാം. നേരത്തെ വിമാനം റദ്ദാക്കിയ യാത്രക്കാർക്ക് റീ ഫണ്ടിന് അപേക്ഷിച്ചിട്ടില്ലെങ്കിൽ വീണ്ടും ടിക്കറ്റ് ബുക് ചെയ്യാനുള്ള അവസരവുമുണ്ട്.
മേഖലയിലെ സംഘർഷത്തെ തുടർന്നാണ് പ്രധാന വിമാന സർവിസ് കമ്പനികൾ താൽകാലികമായി സർവിസുകൾ റദ്ദാക്കിയിരുന്നത്. യു.എസ്-ഇറാൻ താൽകാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ സർവിസിന് തുടക്കമിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.