അബൂദബി: എമിറേറ്റിൽ അനധികൃത മാലിന്യ നിക്ഷേപം തിരിച്ചറിയുന്നതിനായി നിർമിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ചുള്ള മാതൃക പദ്ധതി ആരംഭിച്ചു. അബൂദബി പരിസ്ഥിതി ഏജൻസിയാണ് നൂതനമായ പദ്ധതി അവതരിപ്പിച്ചത്. മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുക, പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്തുക, സ്മാർട്ട് സാങ്കേതികവിദ്യയിലൂടെ മേൽനോട്ടം പുനർനിർവചിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മാലിന്യ സംസ്കരണത്തിനായുള്ള എ.ഐ മോഡലുകളെ ഉപഗ്രഹ വിശകലനവുമായി സംയോജിപ്പിക്കുന്ന യു.എ.ഇയിലെ ആദ്യ പദ്ധതിയാണിത്. പരമ്പരാഗത പരിശോധനകളിൽ നിന്ന് വിത്യസ്തമായി ഡാറ്റകൾ സ്വയം വിശകലനം ചെയ്യാനും ലംഘന സാധ്യതകളെ പ്രവചിക്കാനും കഴിയുന്ന സാങ്കേതിക സംവിധാനത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുതാണ് പദ്ധതി.
യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2031, അബൂദബി എൻവയോൺമെന്റൽ സെന്റിനിയൽ 2071 പ്ലാൻ എന്നിവയുമായി യോജിപ്പിച്ച് സുസ്ഥിരതയ്ക്കും ഡിജിറ്റൽ നവീകരണത്തിനുമുള്ള അബൂദബിയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ശൈഖ സലിം അൽ ദാഹിരി പറഞ്ഞു.
അൽ ഐനിലെ അൽ ബുഖൈരിയയിൽ നടപ്പാക്കിയ പൈലറ്റ് പദ്ധതി 90 ശതമാനത്തിലധികം കൃത്യത കൈവരിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. 150 നിയമവിരുദ്ധ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ പൈലറ്റ് പദ്ധതിയിലൂടെ തിരിച്ചറിയാനായി. നേരത്തെ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 43 മാലിന്യ കേന്ദ്രങ്ങളാണ് തിരിച്ചറിയാൻ കഴിഞ്ഞിരുന്നത്. മാലിന്യങ്ങളുടെ വിവിധ വിഭാഗങ്ങൾ, വലിപ്പ മാറ്റങ്ങൾ, ദൈർഘ്യം എന്നിവയും സംവിധാനം ട്രാക്ക് ചെയ്യും. ഇത് വേഗത്തിലുള്ള പ്രവർത്തനവും കൂടുതൽ ഫലപ്രദമായ ശുചീകരണവും സാധ്യമാക്കും.
ദീർഘകാല പരിസ്ഥിതി സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനൊപ്പം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും നിയമലംഘനം ആവർത്തിക്കുന്നത് തടയുന്നതിനും പങ്കാളികളുമായി മികച്ച ഏകോപനം ഈ പദ്ധതി സാധ്യമാക്കുന്നുവെന്ന് ഏജൻസിയുടെ പരിസ്ഥിതി ഗുണനിലവാര മേഖല എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ ഹമദി പറഞ്ഞു. സ്മാർട്ടായി പാരിസ്ഥിതി മേൽനോട്ടം വികസിപ്പിക്കുന്ന പൈലറ്റ് പദ്ധതിയുടെ വിജയത്തെത്തുടർന്ന്, കേന്ദ്രീകൃത എ.ഐ അധിഷ്ഠിത മോണിറ്ററിങ് പ്ലാറ്റ്ഫോം വഴി എമിറേറ്റിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് പരിസ്ഥിതി ഏജൻസിയുടെ ലക്ഷ്യം. താം 4.0 ഗവൺമെന്റ് പ്ലാറ്റ്ഫോമും ലോകത്തിലെ ആദ്യത്തെ എ.ഐ- നേറ്റീവ് ഗവൺമെന്റായി അബൂദബിയെ മാറ്റാൻ ലക്ഷ്യമിടുന്ന 2025–2027 ഡിജിറ്റൽ നയവും ഉൾപ്പെടെയുള്ള അബൂദബിയുടെ വിശാലമായ ഡിജിറ്റൽ പരിവർത്തനവുമായി ബന്ധപ്പെട്ടതാണ് ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.