ഹബ്ശാന്‍ കേന്ദ്രത്തില്‍ ഉൽപാദനം 85 ശതമാനത്തിലെത്തിച്ച് അഡ്‌നോക് ഗ്യാസ്

അബൂദബി: ഏപ്രിലില്‍ ഇറാന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തടസ്സങ്ങളില്‍നിന്ന് അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തി അഡ്‌നോക് ഗ്യാസ്. അബൂദബിയിലെ ഹബ്ശാന്‍ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നുള്ള വാതക വിതരണം ആഗസ്ത് 10 ഓടെ 85 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു. മെയ് മാസത്തില്‍ കണക്കാക്കിയിരുന്ന ലക്ഷ്യത്തേക്കാള്‍ വേഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 2026 അവസാനത്തോടെ 80 ശതമാനവും 2027ല്‍ പൂര്‍ണ തോതിലും ഉൽപാദനം പുനസ്ഥാപിക്കുമെന്നായിരുന്നു കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നത്.

മേഖലയിലെ കടല്‍മാര്‍ഗമുള്ള ഗതാഗത തടസ്സങ്ങള്‍ക്കിടയിലും 2026 രണ്ടാം പാദത്തില്‍ മികച്ച സാമ്പത്തിക നേട്ടമാണ് അഡ്‌നോക് ഗ്യാസ് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 10ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 244 കോടി ദിര്‍ഹം അറ്റാദായം കമ്പനി നേടി. മുമ്പ് പറഞ്ഞിരുന്ന 147 കോടി ദിര്‍ഹം മുതല്‍ 220 കോടി ദിര്‍ഹം വരെയുള്ള നേട്ടത്തെ മറികടക്കുന്നതാണ് ഈ പ്രകടനം. ആഭ്യന്തര വിപണിയിലെ ശക്തമായ വാതക മാര്‍ജിനും കാര്യക്ഷമമായ ലോജിസ്റ്റിക്സ് മാനേജ്മെന്റുമാണ് കമ്പനിക്ക് തുണയായത്. യു.എ.ഇയിലെ പ്രാദേശിക വാതക ആവശ്യത്തിന്റെ 60 ശതമാനവും അഡ്‌നോക് ഗ്യാസാണ് പൂര്‍ത്തീകരിക്കുന്നത്. കൂടാതെ 20 ലധികം രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്.

സംസ്‌കരണ ശേഷിയും പ്രവര്‍ത്തന സൗകര്യവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 'റിച്ച് ഗ്യാസ് ഡെവലപ്മെന്റ്' (ആര്‍.ജി.ഡി.) പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കായി അഡ്‌നോക് ഗ്യാസ് അന്തിമ നിക്ഷേപ അനുമതി നല്‍കി.  

3011 കോടി ദിര്‍ഹം ഇ.പി.സി. കരാറുകളാണ് ഇതിനായി നല്‍കിയിട്ടുള്ളത്.1432 കോടി ദിര്‍ഹം രണ്ടാംഘട്ട കരാര്‍ വൈസണ്‍ എന്‍ജിനീയറിംഗിന് നല്‍കി. ഹബ്ശാനില്‍ പുതിയ നാച്ചുറല്‍ ഗ്യാസ് പ്രൊസസിങ് ട്രെയിന്‍ നിര്‍മിക്കുന്നത് ഇതിന്റെ ഭാഗമായാണ്.

Tags:    
News Summary - ഹബ്ശാന്‍ കേന്ദ്രത്തില്‍ ഉൽപാദനം 85 ശതമാനത്തിലെത്തിച്ച് അഡ്‌നോക് ഗ്യാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.