ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ചർച്ച നടത്തുന്നു
അബൂദബി: ഫെബ്രുവരിയിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഇന്ത്യക്കും യു.എ.ഇക്കും നേട്ടമുണ്ടാക്കിയെന്ന് 14ാമത് ഇന്ത്യ-യു.എ.ഇ ജോയന്റ് കമീഷൻ യോഗം. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും പങ്കെടുത്ത യോഗത്തിലാണ് വിലയിരുത്തൽ.
മേയ് ഒന്നുമുതൽ നിലവിൽ വന്ന കരാറിലൂടെ ഇതിനകം ഇരുരാജ്യങ്ങൾക്കും വളരാൻ സാധിച്ചു. ഇന്ത്യ യു.എ.ഇയുടെ മികച്ച കയറ്റുമതി പങ്കാളിയായി. അതോടൊപ്പം, ഇറക്കുമതിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തും യു.എ.ഇയിൽനിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ഒന്നാമതുമാകാൻ ഇന്ത്യക്ക് സാധിച്ചതായും യോഗം വിലയിരുത്തി. ത്രിദിന സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ എസ്. ജയ്ശങ്കർ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ചർച്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ശൈഖിന് കൈമാറി. യു.എ.ഇ-ഇന്ത്യ ഉന്നതതല സംഘത്തോടൊപ്പം നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയം ചർച്ചയായി. ഇന്ത്യ-യു.എ.ഇ ജോയന്റ് കമീഷൻ യോഗത്തിനുശേഷമാണ് പ്രസിഡൻറുമായി ചർച്ച നടന്നത്. 'ഐ2യു2'(ഇന്ത്യ, ഇസ്രായേൽ, യു.എസ്, യു.എ.ഇ) ഉച്ചകോടിയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചയും നടന്നു. ഭക്ഷ്യസുരക്ഷ മേഖലയിൽ ഇരുപക്ഷവും തമ്മിൽ നടക്കുന്ന ചർച്ചകൾ ഇരു മന്ത്രിമാരും അവലോകനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിലും ഇരുരാജ്യങ്ങളും സംതൃപ്തി അറിയിച്ചു.
ഫിൻടെക്, എജുടെക്, ഹെൽത്ത്ടെക്, അഗ്രിടെക്, ലോജിസ്റ്റിക്സ്, വിതരണ ശൃംഖല തുടങ്ങി വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പുകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമായി. ഇന്ത്യയിലെ യുനൈറ്റഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) പോലെ, രണ്ട് രാജ്യങ്ങളിലെയും പേമെൻറ് പ്ലാറ്റ്ഫോമുകൾ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിക്കിടയിലും അതിവേഗത്തിൽ പൂർത്തിയാക്കിയ 'സെപ'കരാർ വലിയ നേട്ടമുണ്ടാക്കിയതായി യോഗത്തിൽ എസ്. ജയ്ശങ്കർ പറഞ്ഞു. കാലാവസ്ഥ പ്രവർത്തനം, പുനരുപയോഗ ഊർജം, ആഫ്രിക്കയിലെ ആരോഗ്യ സഹകരണം, യു.എ.ഇയിൽ ഐ.ഐ.ടി സ്ഥാപിക്കൽ, നൈപുണ്യ സഹകരണം, സാംസ്കാരിക കൗൺസിൽ രൂപവത്കരണം എന്നീ മേഖലയിലെ മുന്നേറ്റത്തിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിന് ശേഷം യു.എ.ഇ-ഇന്ത്യ കൾചറൽ കൗൺസിൽ ഫോറം രൂപവത്കരിക്കാനുള്ള കരാറിലും ഇരു മന്ത്രാലയങ്ങളും ഒപ്പുവെച്ചു.
യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി അൽ സയൂദിയും യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും ദുബൈ കോൺസൽ ജനറൽ ഷോവ അമൻ പുരിയും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. കമ്മിറ്റിയുടെ അടുത്ത ഉന്നതതല യോഗം ഇന്ത്യയിൽ ചേരാനും ധാരണയായി.
ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഹസ്തദാനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.