സ്കൂൾ ബസ് പരിശോധിക്കുന്ന ആർ.ടി.എ ഉദ്യോഗസ്ഥൻ
ദുബൈ: പുതിയ അധ്യയന വർഷാരംഭത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ സ്കൂൾ ബസുകൾ സുരക്ഷാ മുന്നൊരുക്കം പൂർത്തിയാക്കണമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ നിർദേശം. സുരക്ഷിതവും വിജയകരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് എല്ലാ സ്കൂൾ ബസ് ഓപറേറ്റർമാരോടും അധികൃതർ ആവശ്യപ്പെട്ടു. വിദ്യാർഥികൾ, ഡ്രൈവർമാർ, സൂപ്പർവൈസർമാർ എന്നിവർക്കെല്ലാം മികച്ച അന്തരീക്ഷം ഒരുക്കാൻ ബസ് ഓപറേറ്റർമാരും അഡ്മിനിസ്ട്രേഷനും ശ്രദ്ധിക്കണം. സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് തുടർച്ചയായും സൂക്ഷ്മമായും ആർ.ടി.എ നിരീക്ഷിക്കുന്നുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞു.
സ്കൂൾ പരിസരങ്ങളിലെ റോഡുകളിൽ ട്രാഫിക് നിയമം കൃത്യമായി പാലിക്കാൻ ഡ്രൈവർമാർക്ക് നിർദേശം നൽകണം. മറ്റു വാഹനങ്ങളുടെ സഞ്ചാരത്തെ സ്കൂൾ ബസുകൾ തടസ്സപ്പെടുത്തരുത്. വിദ്യാർഥികളെ സുരക്ഷിതമായും ശരിയായ രീതിയിലും കൈകാര്യം ചെയ്യാൻ ഡ്രൈവർമാർക്കും അറ്റൻഡന്റുമാർക്കും പരിശീലനം നൽകണം. അത്യാവശ്യം സുരക്ഷാ സംവിധാനങ്ങൾ ബസിൽ ഒരുക്കിയിരിക്കണം, ദൈനംദിന യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതർ രക്ഷിതാക്കളുമായി സ്ഥിരമായ ആശയവിനിമയം നടത്തണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാകണം വാഹനമോടിക്കേണ്ടത്. ബസിലെ സഹായികൾ കുട്ടികളെ താമസ സ്ഥലത്തിനുസമീപം ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആർ.ടി.എ പുറപ്പെടുവിച്ചത്. ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസിലെ സഹായികളുടെ നിർദേശം പാലിക്കാൻ വിദ്യാർഥികൾ തയാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
സ്കൂൾ തുറക്കുന്ന ദിവസമായ ആഗസ്റ്റ് 25 ‘അപകടരഹിത ദിനമാ’യി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ആദ്യ പ്രവൃത്തി ദിനത്തിൽ റോഡപകടം ഇല്ലാതാക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. പൊലീസ് സഹകരണത്തോടെ നടത്തുന്ന കാമ്പയിനിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്ക് ലൈസൻസിൽ നാല് ബ്ലാക്ക് പോയന്റുകൾ കുറക്കാൻ അവസരമുണ്ട്. ഇതിനായി കാമ്പയിൻ ദിവസം ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്പോർട്ടലിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്ത് പ്രതിജ്ഞയെടുക്കണം. തുടർന്ന് അന്നേ ദിവസം അപകടമില്ലാതെ വാഹനമോടിച്ചാൽ നിലവിലുള്ള നാല് ബ്ലാക്ക്പോയന്റുകൾ കുറവുവരുത്തും. കാമ്പയിനിൽ രജിസ്റ്റർ ചെയ്തവരുടെ നടപടി വിലയിരുത്തിയ ശേഷം സെപ്റ്റംബർ 15നായിരിക്കും ബ്ലാക്ക്പോയന്റ് നീക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.