അബൂദബി: എമിറേറ്റില്‍ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എ.എസ്.ഡി) നേരിടുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പരിചരണവും മികച്ച ചികിത്സാ പുനരധിവാസ സേവനങ്ങളും ഉറപ്പാക്കാന്‍ നടപടികളുമായി അധികൃതര്‍. മാനസികാരോഗ്യ ശൃംഖലയായ 'സാകിന'യും എമിറേറ്റ്‌സ് ഓട്ടിസം സൊസൈറ്റിയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്യുവര്‍ഹെല്‍ത്തിന് കീഴിലുള്ള സേഹയുടെ വിഭാഗമാണ് സാകിന. ക്ലിനിക്കല്‍ സേവനങ്ങളെയും സാമൂഹിക പിന്തുണയെയും പരസ്പരം ബന്ധിപ്പിച്ച് സമഗ്ര പരിചരണം ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സൈക്കോളജിക്കല്‍ ബിഹേവിയറല്‍ മൂല്യനിര്‍ണയങ്ങള്‍, ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി, അപ്ലൈഡ് ബിഹേവിയര്‍ അനാലിസിസ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. ഒപ്പം കുട്ടികളെ വീടുകളിലും സ്‌കൂളുകളിലും പൊതുസമൂഹത്തിലും മികച്ച രീതിയില്‍ പിന്തുണയ്ക്കാന്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, പരിചാരകര്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ പരിപാടികളും ട്രെയിനിങ് വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും.
ഓട്ടിസം നേരിടുന്നവര്‍ക്കുള്ള ഫലപ്രദമായ പരിചരണത്തിന് ക്ലിനിക്കല്‍ സേവനങ്ങളും സാമൂഹിക പിന്തുണയും തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് സാകിന ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. സെയ്ന്‍ അലി അല്‍ യാഫെയ് പറഞ്ഞു. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ പിന്തുണ ഈ പങ്കാളിത്തം വഴിയൊരുക്കുമെന്നും അവര്‍ വ്യക്തമാക്കി. മുന്‍നിര ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുമായുള്ള സഹകരണം ഓട്ടിസം മേഖലയിലെ സേവന വികസനത്തില്‍ നാഴികക്കല്ലാണെന്ന് എമിറേറ്റ്‌സ് ഓട്ടിസം സൊസൈറ്റി ചെയര്‍മാന്‍ അലി ബിന്‍ ശമൈല്‍ അല്‍ കഅബി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.