അബൂദബി: തണുപ്പേറി വരുന്ന ദിവസങ്ങളെ ആഘോഷമാക്കാൻ അബൂദബി എമിറേറ്റിൽ നിരവധി വർണാഭമായ പരിപാടികളാണ് ഒരുങ്ങുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അബൂദബി ശീതകാലത്തിലേക്ക് കടക്കുകയാണ്. ശൈഖ് സായിദ് ഫെസ്റ്റിവലിൽ ശൈത്യകാല സീസണോടനുബന്ധിച്ച് സാംസ്‌കാരിക പ്രദർശനങ്ങളും മേളകളും കരിമരുന്ന് പ്രകടനങ്ങളുമൊക്കെ അരങ്ങേറുന്നുണ്ട്.
ഖസർ അൽ വത്തനിൽ പേൾസ് ഓഫ് വിസ്ഡം എന്ന പേരിൽ പ്രദർശനം നടന്നുവരുന്നുണ്ട്. യൂറോപ്പിൽ അറബ് സംസ്‌കാരം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള ചരിത്രയാത്രയിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതാണ് പ്രദർശനം. രാവിലെ 10 മുതൽ വൈകീട്ട് 5.30വരെ സന്ദർശനം അനുവദിക്കുന്ന പ്രദർശനം ജനുവരി ആറ് വരെയുണ്ടാകും. ടിക്കറ്റിനായി https://www.qasralwatan.ae എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
അബൂദബി കോർണിഷിൽ നടന്നുവരുന്ന ദ മദർ ഓഫ് ദ നേഷൻ ഫെസ്റ്റവിലിൽ സകുടുംബം ഉല്ലസിക്കുന്നതിനുള്ള പരിപാടികളുണ്ട്. മിയാമി ബാൻഡിന്‍റെ സംഗീതപരിപാടിയും ഇവിടെ അരങ്ങേറുന്നു. വൈകീട്ട് നാലുമുതൽ അർധരാത്രിവരെ നീളുന്ന പരിപാടിയിലേക്കുള്ള ടിക്കറ്റ് www.ticketmaster.ae വെബ്സൈറ്റിൽ ലഭിക്കും. ആഴ്ചാന്ത്യങ്ങളിൽ പുലർച്ച രണ്ടുവരെയും മേളയുണ്ടാവും.
മുബാദല വേൾഡ് ടെന്നിസ് ചാംപ്യൻഷിപ്പ് അബൂദബിയിലെ വിവിധ മാളുകളിലെത്തുന്നുണ്ട്. ഫോർസൻ സെൻട്രൽ മാളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും മുഷ്രിഫ് മാളിൽ ഡിസംബർ 13 മുതൽ 15 വരെയും സന്ദർശനം നടത്തും. ഡിസംബർ 16 മുതൽ 18 വരെ നടക്കുന്ന ചാംപ്യൻഷിപ്പിൽ ലോകത്തിലെ അഞ്ച് മുൻനിര കളിക്കാർ പങ്കെടുക്കും. www.mubadalawtc.com വെബ്സൈറ്റിൽ നിന്ന് ടൂർണമെന്റിനുള്ള ടിക്കറ്റ് വാങ്ങാം.
ശൈഖ് സായിദ് ഫെസ്റ്റിവലിൽ ശനിയാഴ്ച രാത്രി 10ന് അൽ വത്ബയിൽ കരിമരുന്ന് പ്രകടനമുണ്ടാവും. 27ലേറെ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ഫെസ്റ്റിവലിൽ നൂറുകണക്കിന് ഷോകളാണുള്ളത്. അറുപതിലേറെ റസ്റ്റാറന്‍റുകളാണ് സന്ദർശകർക്കായി ഭക്ഷണം ഒരുക്കുന്നത്.
മൂന്നാമത് എഡിഷൻ അൽ ധഫ്ര പുസ്കമേളയും എമിറേറ്റിൽ നടന്നുവരുന്നുണ്ട്. സായിദ് സിറ്റിയിലെ പബ്ലിക് പാർക്കിൽ നടക്കുന്ന പുസ്തകമേള വെള്ളിയാഴ്ച വരെയുണ്ടാവും. കവിയരങ്ങളും ശിൽപ്പശാലകളുമൊക്കെ ഇവിടെ അരങ്ങേറുന്നുണ്ട്.
ഇത്തിഹാദ് അറീനയിൽ ഡിസ്നിയുടെ ദ ലയൺ കിങ് അരങ്ങേറുന്നുണ്ട്. ശനിയാഴ്ചയാണ് പരിപാടി സമാപിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനകീയ സംഗീത പരിപാടിയാണ് ഡിസ്നിയുടെ ദ ലയൺ കിങ്.
വെള്ളി മുതൽ ഞായർ വരെ ഉമ്മുൽ ഇമാറാത്ത് പാർക്കിൽ തായ് ഫെസ്റ്റിവലും അരങ്ങേറുന്നുണ്ട്. അബൂദബിയിലെ തായ് ലാൻഡ് എംബസിയാണ് സംഘാടകർ. തായ് സംസ്കാരവും പാചകരീതിയും പ്രകടനങ്ങളുമൊക്കെയാണ് ഇവിടെ അരങ്ങേറുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി പത്തുവരെയാണ് പരിപാടി. ശനിയും ഞായറും രാവിലെ 10 മുതൽ രാത്രി 10 വരെയും മേളയുണ്ടാവും.
അൽ ഐൻ യാസ് ഐലൻഡിൽ ഫുട്ബോൾ ഫാൻസോണിൽ ഫിഫ ലോകകപ്പ് മൽസരങ്ങൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഫുട്ബോൾ ആരാധകർക്കായി ഇതുമായി ബന്ധപ്പെട്ട കളികളും ഒരുക്കിയിട്ടുണ്ട്. platinumlist.netൽ ടിക്കറ്റ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.