10 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനമാണിത്
അബൂദബി: കഴിഞ്ഞ വർഷം എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദനത്തില് (ജി.ഡി.പി) അബൂദബി 9.1 ശതമാനം വളര്‍ച്ച കൈവരിച്ചതായി അബൂദബി സ്റ്റാറ്റിസ്റ്റിക്സ് കേന്ദ്രം (എസ്.സിഎ.ഡി) അറിയിച്ചു. 2022നെ അപേക്ഷിച്ച് 2023ല്‍ എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ മികച്ച പ്രകടനം അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 3.1 ശതമാനം സംഭാവന നല്‍കിയെന്നും എസ്.സി.എ.ഡി പറഞ്ഞു. 2023ല്‍ 1.14 ലക്ഷം കോടി ദിര്‍ഹമായിരുന്നു അബൂദബിയുടെ ജി.ഡി.പി. ആഗോള വിപണി കനത്ത വെല്ലുവിളി നേരിടുമ്പോഴും 10 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനമാണിത്. നിര്‍മാണ, സാമ്പത്തിക, ഇന്‍ഷുറന്‍സ്, ഗതാഗത, സാമ്പത്തിക സംഭരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് അബൂദബി എണ്ണയിതര സാമ്പത്തികരംഗത്ത് വളര്‍ച്ച കൈവരിച്ചത്. ജി.ഡി.പിയുടെ 53 ശതമാനത്തിലേറെയും ഇവയാണ് സംഭാവന നല്‍കിയത്. 2023ലെ നാലാം പാദത്തില്‍ അബൂദബി സാമ്പത്തികരംഗം മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 4.1 ശതമാനം വളര്‍ച്ച കൈവരിക്കുകയുണ്ടായി. കെട്ടിട നിര്‍മാണമേഖല 2022നെ അപേക്ഷിച്ച് 2023ല്‍ 13.1 ശതമാനം വളര്‍ച്ചനേടി. ഇതോടെ മേഖലയുടെ മൂല്യം 97 ശതകോടി ദിര്‍ഹമായി ഉയര്‍ന്നു. ഇതും 10 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2023ല്‍ മൊത്ത ആഭ്യന്തര ഉൽപാദനത്തില് നിര്‍മാണമേഖലയുടെ സംഭാവന 8.5 ശതമാനമാണ്. 101 ശതകോടി ദിര്‍ഹമാണ് 2023ല്‍ ഉൽപാദന മേഖലയുടെ മൂല്യം. ജി.ഡി.പിയുടെ 8.8 ശതമാനം ഉൽപാദന മേഖലയില്‍നിന്നാണ്. 2022നെ അപേക്ഷിച്ച് 2023ല്‍ ജി.ഡി.പിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ മേഖലയും ഉൽപാദന മേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.