അബൂദബിയിൽ സ്കൂളിൽ​ ഫുഡ്​ ഡെലിവറിക്ക്​​ വിലക്ക്​

അബൂദബി: പ്രവൃത്തിസമയങ്ങളില്‍ സ്‌കൂളുകളില്‍ ഭക്ഷണ വിതരണം സേവനങ്ങള്‍ നല്‍കുന്നത് വിലക്കി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്(അഡെക്). വിദ്യാലയങ്ങളിൽ പോഷകസമ്പൂഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം പ്രോൽസാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് പ്രവർത്തി സമയങ്ങളിൽ സ്കൂളിലേക്ക് ഫുഡ് ഡെലിവറിക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.

വിദ്യാര്‍ഥികള്‍ പുറത്തു നിന്ന് ഫാസ്റ്റ് ഫുഡും അനാരാഗ്യകരമായ ഭക്ഷണങ്ങളും ഓണ്‍ലൈനായി വരുത്തിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചത്. ആഗസ്റ്റ്​ 25ന് പുതിയ അക്കാദമിക് വര്‍ഷം തുടങ്ങാനിരിക്കെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂളുകള്‍ മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണ സന്ദേശങ്ങൾ അയച്ചുകഴിഞ്ഞു. മതിയായ പോഷകാഹാരം നല്‍കുന്നത് കുട്ടികളില്‍ ശ്രദ്ധയും ഓര്‍മശക്തിയും ഊര്‍ജവും നല്‍കുമെന്നും ഇതവരുടെ ക്ഷേമത്തിന് സഹായകമാവുമെന്നും അധികൃതര്‍ ബോധവല്‍ക്കരണ സന്ദേശത്തില്‍ പറഞ്ഞു.

മധുര ശീതള പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് മുതലായ പോഷകാഹാരം കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായ, പാര്‍ശ്വഫലങ്ങളുണ്ടാവാത്ത പാത്രങ്ങളിലാവണം കുട്ടികള്‍ക്ക്​ ഉച്ചഭക്ഷണം കൊടുത്തുവിടേണ്ടതെന്നും മാതാപിതാക്കള്‍ക്ക്​ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

കറികളും മറ്റും വെവ്വേറെ പാത്രങ്ങളിലാവണം കൊടുക്കേണ്ടതെന്നും ഇതിലൂടെ ഭക്ഷണം കേടാവാതെ ഇരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണശീലം വര്‍ധിച്ചതിലൂടെ അവരില്‍ അമിതവണ്ണം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് ഇതിന്​ തടയിടാന്‍ മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍ രംഗത്തുവന്നത്. കുട്ടികള്‍ക്കു വീടുകളില്‍ സന്തുലനമായ ആഹാരം നല്‍കണമെന്നും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കാന്‍ അവരെ പ്രോല്‍സാഹിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിർദേശിക്കുന്നു.

Tags:    
News Summary - Abu Dhabi bans food delivery to schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.