ഗസ്സയിൽനിന്നെത്തിയ ഫലസ്തീൻ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുന്നു
ദുബൈ: ഇസ്രായേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളും അർബുദബാധിതരും അടങ്ങുന്ന ഒരു സംഘത്തെകൂടി ചികിത്സക്കായി യു.എ.ഇയിലെത്തിച്ചു. ഗസ്സ മുനമ്പിലെ ആശുപത്രിയിൽനിന്നാണ് എട്ടാമത് ബാച്ച് വെള്ളിയാഴ്ച യു.എ.ഇയിലെത്തിയത്.
ഗസ്സയിൽ പരിക്കേറ്റ 1000 കുട്ടികൾക്കും 1000 അർബുദരോഗികൾക്കും ചികിത്സ ലഭ്യമാക്കുമെന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടിയന്തര ചികിത്സ ആവശ്യമുള്ള 28 രോഗികളും അവരോടൊപ്പമുള്ള 35 കുടുംബങ്ങളുമാണ് അൽ ആരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വെള്ളിയാഴ്ച അബൂദബി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഗസ്സയിലെ ഫലസ്തീൻ നിവാസികളെ സഹായിക്കുന്നതിനായി കഴിഞ്ഞ നവംബറിലാണ് ‘ഗാലന്റ് നൈറ്റ്3’ സംരംഭം യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഗസ്സ മുനമ്പിൽ യു.എ.ഇ 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി സ്ഥാപിച്ചിരുന്നു. ഇവിടെ നൂറിലധികം അടിയന്തര ശസ്ത്രക്രിയകളാണ് ഇതുവരെ നടന്നത്. ഗാലന്റ് നൈറ്റ്3 ഓപറേഷന്റെ കണക്കുകൾ പ്രകാരം ജനുവരി നാലുവരെ 395 ഫലസ്തീനിയൻ കുട്ടികളും അർബുദബാധിതരും യു.എ.ഇയിലെത്തിയിട്ടുണ്ട്. ഇതോടെ ചികിത്സതേടിയവരുടെ എണ്ണം 1098 ആയി.
ഗസ്സ നിവാസികൾക്ക് കുടിവെള്ളം എത്തിക്കുന്നതിനായി യു.എ.ഇ സർക്കാർ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റും നിർമിച്ചിരുന്നു. കൂടാതെ തണുപ്പിനെ പ്രതിരോധിക്കാൻ വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്ന നടപടിയും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.