ദേശീയ പരിസ്ഥിതി സൗഹൃദ ടൂറിസം നയം പ്രാബല്യത്തില്‍; യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി

അബൂദബി: വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം പ്രകൃതി പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പാക്കുന്ന ദേശീയ പരിസ്ഥിതി സൗഹൃദ ടൂറിസം നയത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. സുസ്ഥിര വിനോദസഞ്ചാര മേഖലയില്‍ ആഗോളതലത്തില്‍ രാജ്യത്തിന്‍റെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നയത്തിന് അനുമതി നല്‍കിയത്.

സാമ്പത്തിക വികസനവും ടൂറിസം വളര്‍ച്ചയും പരിസ്ഥിതി സംരക്ഷണത്തെ ബാധിക്കാത്ത രീതിയില്‍ കൊണ്ടുപോകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണം, സുസ്ഥിര ടൂറിസം ഉല്‍പ്പന്നങ്ങളുടെയും അനുഭവങ്ങളുടെയും വികസനം, പ്രാദേശിക പങ്കാളിത്തവും സംസ്‌കാരവും സംരക്ഷിക്കല്‍, സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കല്‍. ഇക്കോടൂറിസത്തിനായി ദേശീയ തലത്തില്‍ ഒരു സ്മാര്‍ട്ട് പ്ലാറ്റ്ഫോം രൂപീകരിക്കും. ഇതോടൊപ്പം ടൂറിസം കേന്ദ്രങ്ങളുടെ നടത്തിപ്പിനായി പുതിയ നിയന്ത്രണങ്ങളും ചട്ടങ്ങളും നിലവില്‍ വരും. 'ദേശീയ മരുഭൂവല്‍ക്കരണ വിരുദ്ധ സ്ട്രാറ്റജി 2030' പ്രകാരമുള്ള പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. യു.എ.ഇയിലെ സംരക്ഷിത പ്രദേശങ്ങളുടെ എണ്ണം 55 ആയി ഉയര്‍ന്നു. 4900 ഹെക്ടര്‍ ഭൂമിയില്‍ പുനരധിവാസം ഉറപ്പിച്ചു. 3.2 ദശലക്ഷത്തിലധികം ചതുരശ്ര മീറ്റര്‍ പച്ചപ്പ് കൂട്ടുകയും 341000 തദ്ദേശീയ മരങ്ങള്‍ സംരക്ഷിക്കുകയും ചെയ്തു.

യു.എ.ഇയുടെ സാംസ്‌കാരിക-ഭൂമിശാസ്ത്ര വൈവിധ്യങ്ങള്‍ പ്രതിഫലിക്കുന്ന ഇക്കോ-ട്രെയിലുകള്‍, പരിസ്ഥിതി പാതകള്‍, വാട്ടര്‍ഫ്രണ്ട് ടൂറിസം പദ്ധതികള്‍ എന്നിവ കൂടുതല്‍ വ്യാപിപ്പിക്കും. 'പരിസ്ഥിതി സംരക്ഷണം നമ്മുടെ ദേശീയ പ്രതിബദ്ധതയാണ്. പ്രകൃതിവിഭവങ്ങളില്‍ നിക്ഷേപം നടത്തുന്നത് ഭാവി തലമുറയുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനാണ്’ - ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വ്യക്തമാക്കി.

Tags:    
News Summary - UAE Cabinet Approves National Eco-Friendly Tourism Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.