ഭരണമേറ്റെടുത്ത ശേഷം ശൈഖ് സായിദ് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രം -സായിദ്​ നാഷനൽ മ്യൂസിയം പങ്കുവെച്ചത്​

ശൈഖ് സായിദിന്റെ സ്ഥാനാരോഹണത്തിന് 60 വര്‍ഷം

അബൂദബി: യു.എ.ഇയുടെ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്​യാന്‍ അബൂദബി ഭരണാധികാരിയായി ചുമതലയേറ്റതിന്റെ 60-ാം വാര്‍ഷികത്തില്‍ (ആക്‌സഷന്‍ ഡേ) അദ്ദേഹത്തിന്റെ ചരിത്രപരമായ ദീര്‍ഘവീക്ഷണത്തെയും വികസന കാഴ്ചപ്പാടുകളെയും അനുസ്മരിച്ച് യു.എ.ഇ ഭരണാധികാരികള്‍. 1966 ആഗസ്റ്റ്​ ആറിന് ശൈഖ് സായിദ് അബൂദബിയുടെ ഭരണമേറ്റെടുത്തത് യു.എ.ഇയുടെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നുവെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഈ ആഗസ്റ്റ്​ ആറ്​ യു.എ.ഇയുടെ ദേശീയ പ്രയാണത്തില്‍ അതീവ പ്രാധാന്യമുള്ള ചരിത്രദിനമാണെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാന്‍ പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതിക്കും കൂട്ടായ്മക്കും 1971ലെ യൂനിയന്റെ രൂപീകരണത്തിനും അടിത്തറയിട്ടത് ശൈഖ് സായിദിന്റെ ഭരണാരോഹണമാണ്. ജനങ്ങളെ ചേര്‍ത്തുപിടിച്ച്​, സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുകയെന്ന അദേഹത്തിന്റെ കാഴ്ചപ്പാട് മുന്‍നിര്‍ത്തി രാജ്യം മുന്നോട്ടുപോവുമെന്നും യു.എ.ഇ പ്രസിഡന്റ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ശൈഖ് സായിദ് വെറുമൊരു ഭരണാധികാരിയോ രാഷ്ട്രതന്ത്രജ്ഞനോ ആയിരുന്നില്ല, മറിച്ച് മികച്ചൊരു ആശയമായിരുന്നുവെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അനുസ്മരിച്ചു. രാഷ്ട്രം പടുത്തുയര്‍ത്തുകയും ജനങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്ത മികച്ച ജനനായകനായിരുന്നു അദ്ദേഹമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ഭാവി നിര്‍മിക്കപ്പെടുന്നത് കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയുമാണെന്ന് വിശ്വസിച്ച നേതാവായിരുന്നു ശൈഖ് സായിദെന്നും ജനങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്ന് അദ്ദേഹം തെളിയിച്ചുവെന്നും യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്​യാന്‍ പറഞ്ഞു.

ശൈഖ് സായിദിന്റെ ഭരണാരോഹണം രാജ്യത്ത് ആഗോള തലത്തില്‍ തന്നെ മാതൃകയായ വികസന മുന്നേറ്റത്തിന് തുടക്കമിട്ടതായി യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. ഭരണമേറ്റെടുത്ത ശേഷം ശൈഖ് സായിദ് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന അപൂര്‍വ ചിത്രം പങ്കുവെച്ചുകൊണ്ട് സായിദ് നാഷനല്‍ മ്യൂസിയവും ഈ ചരിത്രദിനത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു.

Tags:    
News Summary - 60 years since the accession of Sheikh Zayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.