ഖോർഫക്കാൻ റിസോർട്ട് ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: എമിറേറ്റിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകരാനായി ആസൂത്രണം ചെയ്ത ഖോർഫക്കാൻ റിസോർട്ട് തുറന്നു. വ്യാഴാഴ്ച യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി റിസോർട്ടിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
ഖോർഫക്കാൻ തീരത്തോട് ചേർന്ന് 70 കോടി ദിർഹം ചെലവിലാണ് റിസോർട്ടിന്‍റെ നിർമാണം. ഒന്നു മുതൽ നാലുവരെ ബഡ്റൂമുകളോട് കൂടിയ 573 ആഡംബര വീടുകളും 16 ചെറുകിട ഔട്ട്ലറ്റുകളും ഉൾപ്പെടുന്നതാണ് പദ്ധതി.
വീടുകൾക്കും ഷോപ്പുകൾക്കും സമീപത്തായി ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഹരിത ഇടങ്ങൾ, ഔട്ട്ഡോർ നീന്തൽകുളങ്ങൾ, സ്വകാര്യ ബീച്ച് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഖോർഫക്കാൻ ബീച്ചിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന റിസോർട്ട് ആഡംബര താമസ സൗകര്യങ്ങളും വിനോദ സേവനങ്ങളും ചേർന്നുള്ള ഏറ്റവും മനോഹരമായ വിനോദ ആകർഷണങ്ങളിൽ ഒന്നാണ്. എമിറേറ്റിന്‍റെ വിനോദ സഞ്ചാര മേഖലയിൽ സുസ്ഥിരമായ വളർച്ചക്ക് പദ്ധതി കരുത്തു പകരും. ഖോർഫക്കാൻ ആംഫി തിയേറ്റർ, ഖോർഫക്കാൻ വെള്ളച്ചാട്ടം എന്നിവയും ഇതിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഖോർഫക്കാൻ ബീച്ചിന്‍റെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് റിസോർട്ടിന്‍റെ രൂപകൽപന.
ഷാർജയിലെ ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിന്‍റെ ഭാഗമായി എല്ലാ രാജ്യക്കാർക്കും സ്വതന്ത്രമായ ഉടമസ്ഥാവകാശവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഷാർജ ഇസ്ലാമിക് ബാങ്കിന്‍റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അസാസ് റിയൽ എസ്റ്റേറ്റാണ് റിസോർട്ടിന്‍റെ നിർമാതാക്കൾ. ഷാർജയുടെ ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതനായിരുന്നു. കഴിഞ്ഞ വർഷം 102 ഹോട്ടലകളിലായി 20 ലക്ഷം സന്ദർശകരെയാണ് ഷാർജ സ്വാഗതം ചെയ്തത്. ഇതു വഴി 78 കോടി ദിർഹമിന്‍റെ വരുമാനമാണ് എമിറേറ്റ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.